CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 37 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യയും ജീവിതം അവസാനിപ്പിച്ചു

ഫെബ്രുവരി 24നാണ് ദളിത് യുവാവായ പ്രവീണിനെ ശര്‍മിളയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്.

തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യയും ജീവിതം അവസാനിപ്പിച്ചു. ചെന്നൈയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിന്റെ ഭാര്യ ശര്‍മിള (20)യാണ് ജീവനൊടുക്കിയത്. ഏപ്രില്‍ 14ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.

ഫെബ്രുവരി 24നാണ് ദളിത് യുവാവായ പ്രവീണിനെ ശര്‍മിളയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ശര്‍മിളയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് 2023 നവംബറിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷവും ശര്‍മിളയുടെ കുടുംബം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പ്രവീണിനെ കൊലപ്പെടുത്തിയത്.

ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ ശര്‍മിള ഏറെ ദുഃഖിതയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പ്രവീണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം യുവതി ഏറെ അസ്വസ്ഥയായി. ഇതിനുപിന്നാലെയാണ് കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പ്രവീണിന്റെ അമ്മ ചിത്ര മാധ്യമങ്ങളോട് പറഞ്ഞു. 'പ്രവീണ്‍ എവിടെപ്പോയാലും ഞാനും അവിടെപോകും, പ്രവീണ്‍ ഇല്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട' എന്നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.

കേസിലെ മുഖ്യപ്രതിയായ തന്റെ സഹോദരനെ മാതാപിതാക്കള്‍ ജാമ്യത്തിലിറക്കാന്‍ തയ്യാറായതും യുവതിയെ വിഷമിപ്പിച്ചു. ഏപ്രില്‍ 12നാണ് സഹോദരന്‍ ദിനേശ് പ്രവീണ്‍ കൊലക്കേസില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതിനുപിന്നാലെ ഏപ്രില്‍ 14നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാശ്രമം.

ഈ തിങ്കളാഴ്ച തിരികെ കോളേജില്‍ ചേര്‍ന്ന് പഠനം തുടരാനായിരുന്നു ശര്‍മിളയുടെ തീരുമാനം. ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് എടുക്കാനും തുടര്‍ന്ന് പ്രവീണിന്റെ കാര്‍ ഓടിക്കാനും അവള്‍ ആഗ്രഹിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യാശ്രമമെന്നും ബന്ധുക്കള്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.