CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 40 Minutes 4 Seconds Ago
Breaking Now

ദിവ്യ ദാനത്തിനു നന്ദി:വിശുദ്ധരുടെ നാമകരണത്തിന്റെ കൃതജ്ഞതാ ബലിക്കൊരുങ്ങി ക്ലിഫ്ട൯ സീറോ മലബാ൪ സമൂഹം, മാ൪ ജോയ് ആലപ്പാട്ട് മുഖ്യ കാ൪മിക൯.

കേരള സഭക്കും സമൂഹത്തിനും അഭിമാനമായി ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ പ്രാർത്ഥനാ നിർഭരമായ ആനന്ദത്തിലാണ് യു.കെ.യിലെ സീറോ മലബാർ സമൂഹങ്ങൾ.

ലോകം സ്വന്ത ബന്ധങ്ങളുടെ ഇത്തിരി വട്ടത്തിൽ ജീവിതത്തെ നിർവചിക്കാൻ നമ്മെ പ്രേരിപ്പിക്കുമ്പോൾ  ദൈവത്തിനും സഹോദരങ്ങൾക്കും വേണ്ടി സ്വന്ത ജീവിതം സമർപ്പിക്കുന്ന പുണ്യ ചരിതർ ത്യാഗത്തിന്റെ പ്രഭാമയമായ ഒരു പുതു ലോകത്തിലേക്ക്‌ നമ്മെ ക്ഷണിക്കുന്നു. യു.കെ.യിലെ സീറോ മലബാർ സമൂഹങ്ങളിൽ ക്രിയാത്മകമായ സംരംഭങ്ങൾ കൊണ്ട് മുൻ നിരയിലുള്ള ക്ളിഫ്ടൻ രൂപതയിലെ സീറോ മലബാർ വിശ്വാസികൾ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദ പ്രഖ്യാപനം നവംബർ 30 നു ഗ്ലോസ്റ്റെറിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാർ രൂപതയുടെ നവാഭിഷിക്തനായ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ഈ ആഘോഷത്തിനു സമകാലീന യു.കെ.യിലെ സീറോ മലബാർ സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളിൽ ഏറെ പ്രസക്തിയുണ്ട്. 


 

 

 

 

ചാവറയച്ചൻ കർമ നിരതമായ

ജീവിതചര്യയിലൂടെ തന്റെ താപസ ജീവിതത്തിന്റെ പ്രകാശം  നൂറു മടങ്ങായി സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് പ്രസരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ആത്മീയ പുത്രിയായ എവുപ്രേസ്യാമ്മ തന്റെ സ്നേഹത്തിന്റെ   സമസ്ത ഭാവങ്ങളെയും ദൈവത്തിലേക്കർപ്പിച്ച് ഏകാഗ്രമായ ആന്തരിക ജീവിതത്തിന്റെ   ശക്തിയും ദീപ്തിയും നമുക്ക് കാട്ടിത്തന്നു. കേരളത്തിന്റെ സാംസ്കാരിക നഭോ മണ്ഡലത്തിൽ വെളിച്ചം വിതറിയ മഹത്തുക്കളിൽ പ്രഥമ ഗണനീയനാണ് ചാവറയച്ചൻ. സീറോ മലബാര് സഭയെ സംബന്ധിച്ചിടത്തോളം പോർച്ചുഗീസ് ഭരണത്തിന്റെ നിയന്ത്രണങ്ങളിൽ നിന്ന് ക്രമേണ സ്വതന്ത്രമായിക്കൊണ്ടിരുന്ന കാലയളവിൽ അതിന്റെ  ആത്മീയ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്കു വഹിച്ചയാളാണ് അദ്ദേഹം. എങ്കിലും താൻ  പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ അതിരുകളിൽ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ.   വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാധുജന പരിപാലനം, മുദ്രണം, എന്നീ മേഖലകളിൽ ചാവറയച്ചൻ തുടങ്ങി വച്ച സംരംഭങ്ങൾ നവോത്ഥാനത്തിന്റെ ആദ്യ ചുവടുകളായിരുന്നു. മലയാളം, സംസ്കൃതം, തമിഴ്, സുറിയാനി, ലത്തീൻ ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന അച്ചന്റെ 112- ഓളം വരുന്ന കൃതികൾ സാഹിത്യ ലോകത്തിനും മുതൽക്കൂട്ടാണ്. താൻ ജീവിച്ചിരുന്ന കാലത്തെ ആത്മീയ ശക്തി കൊണ്ട് പരിവർത്തനം ചെയ്ത ഈ പുണ്യാത്മാവിന്റെ ജീവിത മാതൃക ആധുനിക  ഇന്ഗ്ലാണ്ടിലെ സാംസ്‌കാരിക ചുറ്റുപാടിൽ വളർന്നു വരുന്ന കേരള ക്രൈസ്തവ സമൂഹങ്ങൾക്കു മാര്ഗ നിർദ്ദേശകമാണ്. പാശ്ചാത്യ സഭയുടെ ഭക്തി പാരന്പര്യങ്ങളിൽ  നിന്ന് ഉൽകൃഷ്ടമായവ സ്വീകരിക്കുവാൻ പൌരസ്ത്യ സഭയുടെ തനിമയെ മുറുകെപ്പിടിക്കുന്പോഴും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. 

 കേവലം ഭൗതികമായ നേട്ടങ്ങളുടെ സ്ഥിതി വിവരക്കണക്കുകളിൽ മനുഷ്യ ജന്മത്തിന്റെ മൂല്യം അടയാളപ്പെടുത്താൻ പരിശ്രമിക്കുകയും അന്തസ്സാര ശൂന്യമായ വ്യാപാരങ്ങളിൽ സ്വയം നഷ്ടപ്പെടുകയും ചെയ്യുന്ന  ആധുനിക ലോകത്തിനു മുൻപിൽ നിരാഢംബരവും വിനയാന്വിതവുമായ ജീവിത ശൈലിയുടെ അർത്ഥ പൂർണതയാണ് എവുപ്രേസ്യമ്മയിൽ നാം കാണുക. എന്തെങ്കിലും ആയിത്തീർന്നാൽ മാത്രം നമുക്ക് കൈവരുന്നതാണ് സന്തോഷവും സമാധാനവുമെന്നു നാം കരുതുന്പോൾ സ്നേഹരൂപനായ ദൈവത്തിന്റെ തിരുനിവാസമാണ് ജീവിതത്തെ ധന്യമാക്കുന്നതെന്ന അറിവിൽ ആനന്ദത്തിന്റെ തികവ് കണ്ടെത്തുവാൻ അമ്മ നമ്മെ സഹായിക്കുന്നു. പ്രവർത്തനങ്ങളുടെ  ബാഹുല്യവും യാന്ത്രികതയും ജീവിതത്തിന്റെ ലളിതവും സുന്ദരവുമായ അംശങ്ങളെ കവർന്നെടുക്കുമോ എന്ന് നാം ഭയക്കുന്ന ഇന്നിന്റെ ചുറ്റുപാടുകളിൽ എവുപ്രേസ്യമ്മയുടെ ജീവിതവും പ്രബോധനവും നമുക്ക് പ്രചോദനമാണ്. 

ക്ളിഫ്ടൻ രൂപതയിലെ ബാത്ത്, ബ്രിസ്റ്റൾ,  ചെൽറ്റെനം, ഗ്ലോസ്റ്റർ, സോൾസ്‌ബറി, സ്വിൻഡൻ, ടോണ്ടൻ, വെസ്റ്റണ്- സൂപ്പർ -മേർ, യോവിൽ എന്നീ ഒന്പത് സീറോ മലബാർ സമൂഹങ്ങൾ കൃതജ്ഞതാ ബലിക്കായി ഒരുമിച്ചു കൂടുന്പോൾ കൂട്ടായ്മയുടെയും വിശ്വാസപരിശീലനത്തിന്റെയും പ്രഘോഷണത്തിന്റെയും  അനുഭവമായി അതു മാറും. ഗ്ലോസ്റ്ററിലെ പ്രസിദ്ധമായ സർ തോമസ്‌ റിച് സ്കൂൾ ഹാളാണ് ഈ പുണ്യ സംഗമത്തിന് വേദിയാകുക. നവംബർ 30-നു രാവിലെ 10 മണിക്ക്  മാർ ജോയ് ആലപ്പാട്ടിനെ ഒന്പത് സമൂഹങ്ങളിലും നിന്ന് ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളും  വിവാഹത്തിന്റെ 10,15,20,25 വാർഷികങ്ങൾ ആഘോഷിക്കുന്ന ദന്പതികളും മറ്റു വിശ്വാസികളും ചേർന്ന് സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.വിശുദ്ധരുടെ തിരു സ്വരൂപങ്ങൾ വെഞ്ചരിക്കുകയും തിരുശേഷിപ്പുകൾ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യ്തു കൊണ്ടാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുക. ആഘോഷ പൂർവമായ ദിവ്യ ബലിയിൽ മുഖ്യ കാർമികനായ അഭിവന്ദ്യ ബിഷപ്പിനൊപ്പം സീറോമലബാർ സഭ യു.കെ. കോ-ഓർഡിനേറ്റർ ഫാ. തോമസ്‌ പാറയടിയിൽ, സീറോ-മലങ്കര സഭ യു.കെ. കോ-ഓർഡിനേറ്റർ ഫാ. ഡാനിയേൽ കുളങ്ങര, ക്ളിഫ്ടൻ രൂപതാ കോ-ഓർഡിനേറ്റർ ഫാ. പോൾ വെട്ടിക്കാട്ട്, ഫാ. സക്കറിയാസ് കാഞ്ഞൂപ്പറന്പിൽ,  ഫാ. ജോയ് വയലിൽ എന്നിവർ സഹ കാർമികരായിരിക്കും. ദിവ്യബലിക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ ക്ളിഫ്ടൻ രൂപതാ വികാരി ജെനറൾ  ഫാ. ലിയാം സ്ലാട്ടെറി സന്ദേശം നല്കും. സ്നേഹവിരുന്നിനു ശേഷം വിശുദ്ധ ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോകുമെൻറ്റിയും കലാപരിപാടികളും ഉണ്ടായിരിക്കും. വിശ്വാസ പരിശീലന രംഗത്ത് സേവനം ചെയ്യുന്ന മതാധ്യാപകർക്കുള്ള സർട്ടിഫിക്കറ്റ് ബിഷപ്‌ വിതരണം ചെയ്യും. ആകർഷകമായ സമ്മാനങ്ങൾ ഉൾക്കൊള്ളുന്ന (ഒന്നാം സമ്മാനം ഐ പാഡ് മിനി, രണ്ടാം സമ്മാനം സോണി സ്മാർട്ട്‌ വാച്ച്, മൂന്നാം സമ്മാനം ഹാരഡ്സ് ബാഗ്‌ ) റാഫിൾ  നറുക്കെടുപ്പ് ബിഷപ്‌ നിർവഹിക്കും. 4.30 നു ആഘോഷങ്ങൾക്ക് സമാപനമാകും. 

രൂപതയിൽ വിവിധ സ്ഥലങ്ങളിൽ അജപാലന ശുശ്രൂഷക്ക് നേതൃത്വം നല്കുന്ന ഫാ. സണ്ണി പോൾ, ഫാ. സജി നീണ്ടൂർ എന്നീ വൈദികരുടെ സഹകരണം ആഘോഷങ്ങൾക്ക് പിന്തുണയാകും.ഈ പുണ്യ ദിനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി രൂപതാ കോ-ഓർഡിനേറ്റർ ഫാ. പോൾ വെട്ടിക്കാട്ടിന്റെയും ഗ്ലോസ്റ്റെർ സമൂഹത്തിന്റെ ചാപ്ലൈൻ ഫാ. സിറിൾ ഇടമന, രൂപതാ ട്രസ്റ്റി സിജി വാദ്ധ്യാനത്ത് , സെക്രട്ടറി    ജയ് സണ് ബോസ് ,  ആതിഥേയരായ ഗ്ലോസ്റ്റർ സമൂഹത്തിന്റെ ട്രസ്റ്റി ഫിലിപ്പ്  ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റികൾ പ്രവർത്തിക്കുന്നു. 

വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സ്കൂൾ ഗ്രൌണ്ടിൽ വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 

 സമ്മേളന നഗരിയുടെ വിലാസം:

Sir Thomas Rich's School

Oakleaze

Longlevens

Gloucester

GL2 0LF

 

 




കൂടുതല്‍വാര്‍ത്തകള്‍.