CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 10 Seconds Ago
Breaking Now

ആഘോഷപൂർവ്വമായ സീറോ മലബാർ ഇംഗ്ലീഷ് കുർബ്ബാന ലണ്ടൻ കത്തീഡ്രലിൽ ശനിയാഴ്ച

ഇതാദ്യമായി സീറോ മലബാർ ഇംഗ്ലീഷ് പാട്ട് കുർബ്ബാന ലണ്ടൻ കത്തീഡ്രലിൽ ശനിയാഴ്ച.

വെസ്റ്റ്മിൻസ്റ്റർ അതിരൂപതാദ്ധ്യക്ഷനും,ഇംഗ്ലണ്ട് ആൻഡ്‌ വെയിൽസ് കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡണ്ടുമായ അഭിവന്ദ്യകർദ്ധിനാൾ  വിൻസെന്റ് നിക്കോൾസ് പ്രസിഡണ്ടായുള്ള സൊസൈറ്റി ഓഫ് സെന്റ്‌ ജോണ്‍സ് ക്രിസോസ്റ്റത്തിൻറെ ആഭിമുഖ്യത്തിൽ പൌരസ്ത്യ കത്തോലിക്കാ സഭകളുടെ സംഗമവും,ആഘോഷപൂർവ്വമായ സീറോ മലബാർ ഇംഗ്ലീഷ്   കുർബ്ബാനയും,എക്സ്ബിഷനും സംയുക്തമായി ആഗസ്റ്റ് 1 നു ശനിയാഴ്ച രാവിലെ 10:00 മണിക്ക് ലണ്ടനിലുള്ള ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ കത്തീഡ്രൽ ദേവാലയത്തിൽ വെച്ചു വിപുലമായി നടത്തപ്പെടുന്നു.സീറോ മലബാർ സഭക്ക് പ്രാമുഖ്യം കൊടുത്ത് കൊണ്ട് ഇദംപ്രഥമമായി നടത്തപ്പെടുന്ന ആഘോഷത്തിൽ പ്രശസ്ത ഗവേഷകനും,സംഗീതഞ്ജനുമായ റവ.ഡോ.ജോസഫ് പാലക്കൽ (സി.എം.ഐ) ഇംഗ്ലീഷ് ഭാഷയിൽ ആഘോഷമായ പരിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതും,സീറോ മലബാർ സഭയുടെയും മാർത്തോമ്മാ ക്രിസ്ത്യാനികളുടെയും  ചരിത്രവും, പാരമ്പര്യവും പ്രതിപാതിക്കുന്ന ഏതാനും ഡോക്കുമെന്ററി ചിത്രങ്ങളുടെ പ്രദർശനവും,ഭാരത സഭയുടെ പൌരാണികത്വത്തെ സംബന്ധിച്ചു ഒരു ചിത്ര പ്രദർശനവും,റവ.ഡോ. പാലക്കലിന്റെ ഗവേഷണ പ്രബന്ധാവതരണവും, ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്.

പ്രവാസികളിലെ പുതുതലമുറയെ നമ്മുടെ സഭാ പാരമ്പര്യത്തിൽ ഉറപ്പിച്ചു നിറുത്തുവാൻ സഹായകരമായി സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബ്ബാനക്രമം ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ റവ. ഡോ. പാലക്കൽ സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുണ്ട്‌. സീറോ മലബാർ സഭയുടെ പരിശുദ്ധ സൂനഹദോസ് അംഗീകരിച്ച കുർബ്ബാനക്രമം കഴിഞ്ഞ വർഷം വാഷിങ്ങ്ടണിൽ സീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ചു ബിഷപ്പ് കർദ്ധിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവും, വാഷിങ്ങ്ടണിലെ കർദ്ധിനാൾ വ്യുറലും,സീറോ മലബാർ സഭയുടെ ചിക്കാഗോ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും ചേർന്ന് സംയുക്തമായി ആഘോഷപൂർവ്വം അർപ്പിക്കുകയുണ്ടായി.

സൊസൈറ്റി ഓഫ് സെന്റ്‌ ജോണ്‍ ക്രിസോസ്റ്റോം പാശ്ചാത്യ- പൌരസ്ത്യ സഭകളെ പരസ്പരം കോർത്തിണക്കാനുള്ള ആശയത്തിൽ രൂപം കൊണ്ട ഒരു സംഘടനയാണ്.സീറോ മലബാർ സഭയെ പാശ്ചാത്യ സഭകൾക്ക് മനസ്സിലാക്കിക്കൊടുക്കുവാനും, പാശ്ചാത്യ-പൌരസ്ത്യ സഭകളുടെ സംയുക്തമായ പ്രവർത്തനങ്ങൾക്കും, വളർച്ചക്കും വേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടന ഇതാദ്യമായാണ് സീറോ മലബാർ സഭയെ മുൻ നിറുത്തി ഇങ്ങിനെ ഒരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. 

ചരിത്രത്തിൽ ഇദംപ്രഥമായിട്ടാണ് സീറോ മലബാർ സഭക്ക് ലണ്ടനിലെ ഒരു പ്രമുഖ കത്തീഡ്രൽ ദേവാലയത്തിൽ ആഘോഷമായ വിശുദ്ധ കുർബ്ബാന അർപ്പിക്കുവാൻ അവസരം ലഭിക്കുന്നത്.അതു പോലെ തന്നെ നമ്മുടെ കർത്താവിന്റെ ഭാഷയിലുള്ള പഴയ കീർത്തനങ്ങളായ "പുഖ്ദാനകോൻ", " കന്തീശ ആലാഹാ" തുടങ്ങിയവ ഒരു ഇംഗ്ലീഷ് കത്തീഡ്രലിൽ ആലപിക്കപ്പെടുന്നത് ഇതാദ്യമായിരിക്കും.

സീറോ മലബാർ സഭാംഗങ്ങൾക്കു വളരെ അഭിമാനം വിതറുന്ന ഈ ആഘോഷത്തിൽ പങ്കുചേർന്ന് സഭയെ അടുത്തറിയുവാനും,നമ്മുടെ വിശ്വാസ പാരമ്പര്യത്തെ പറ്റി മറ്റുള്ളവരിൽ അവബോധം ഉളവാക്കുവാനും കിട്ടുന്ന ഈ സുവർണ്ണാവസരത്തിലേക്ക് എല്ലാ വിശ്വാസി സമൂഹങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

റവ.ഡോ.ജോസഫ് ഓക്സ്ഫോർഡിൽ അന്തർദേശീയ സമ്മേളനത്തിൽ "കോണ്‍ഗ്രിഗേഷണൽ മ്യുസിക്കിനെ" ആസ്പതമാക്കി പ്രഭാഷണം നടത്തുന്നുണ്ട്. ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യം ഉള്ളവർ £10.00 (സംഭാവന അടക്കം) നൽകി രെജിസ്റ്റർ ചെയ്യുവാൻ സസ്നേഹം അഭ്യർത്ഥിക്കുന്നു. സ്നാക്കും,ചായയും വേദിയിൽ ലഭ്യമായിരിക്കും.പങ്കെടുക്കുന്നവർ ഉച്ച ഭക്ഷണ ടിഫിൻ കയ്യിൽ കരുതേണ്ടതാണ്.ദുരിതം അനുഭവിക്കുന്ന പൌരസ്ത്യ സഭകൾക്ക് ഒരു ചെറിയ കൈത്താങ്ങാകുവാനും ഈ ആഘോഷത്തിലെ പങ്കാളിത്തം സഹായകരമാവും.

യുദ്ധത്താലും, മതസ്പർദ്ധയാലും പീഡിപ്പിക്കപ്പെടുന്ന പൌരസ്ത്യ സഭകളെപ്പറ്റി ജോണ്‍ ന്യുട്ടണ്‍ അവതരിപ്പിക്കുന്ന പ്രബന്ധത്തെ തുടർന്ന് ഉക്രേനിയൻ സഭയുടെ സായാഹ്ന പ്രാർത്ഥനയോടെ ആഘോഷം സമാപിക്കും.

ബുക്കിംഗ്: johnchrysostom@btinternet.com 

www.orientalelumen.org.uk

വേദിയുടെ വിലാസം: ഉക്രേനിയൻ കാത്തലിക് കത്തീഡ്രൽ ഓഫ് ഹോളി ഫാമിലി, ഡ്യുക്ക് സ്ട്രീറ്റ്, WK1 5BQ, LONDON




കൂടുതല്‍വാര്‍ത്തകള്‍.