CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 22 Minutes 47 Seconds Ago
Breaking Now

മെയ് രണ്ടിലെ ബാങ്ക് ഹോളിഡേ ദിനത്തിൽ ക്ലിഫ്റ്റൻ രൂപതാ സീറോ മലബാർ സമൂഹം ഗ്ലാസ്റ്റൻബറിയിൽ

ഇംഗ്ലണ്ടിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ ഗ്ലാസ്റ്റൻബറി മെയ് രണ്ടിലെ ബാങ്ക് ഹോളിഡേ ദിനത്തിൽ ക്ലിഫ്റ്റൻ രൂപതാ സീറോ മലബാർ വിശ്വാസികളുടെ തീർത്ഥാടന വേദിയാകും. കാരുണ്യ വർഷാചരണത്തിന്റെ ഭാഗമായി ഗ്ലാസ്റ്റൻബറി സെന്റ്‌. മേരീസ് ദേവാലയത്തിന്റെ വിശുദ്ധ കവാടം (Holy Door) കടന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എത്തുന്ന വിശ്വാസികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ചു 2015 ഡിസംബർ 8 മുതൽ 2016 നവംബർ 20 വരെയുള്ള കാലയളവാണ് ദൈവ കരുണയുടെ അസാധാരണ ജൂബിലി വർഷമായി ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ ആചരിക്കുന്നത്. സാധാരണ ഗതിയിൽ ജൂബിലി വർഷമെന്നതു സഭാ ചരിത്രത്തിലെ ഏതെങ്കിലും സുപ്രധാന സംഭവത്തിന്റെ വാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കപ്പെടുക. എന്നാൽ കരുണയുടെ ജൂബിലി വർഷം അങ്ങനെ ഒരു പ്രത്യേക സംഭവത്തോട് ബന്ധപ്പെടുത്താതെ ആചരിക്കുന്നത് കൊണ്ട് അസാധാരണ ജൂബിലി വർഷമായിട്ടാണ് ആചരിക്കുന്നത്. പിതാവിനെ പോലെ കരുണയുള്ളവരായിരിക്കുവാൻ (ലൂക്കാ.6.36) എന്ന വചനമാണ് ജൂബിലി വർഷത്തിന്റെ സന്ദേശ വാക്യം.

ലോകം കൂടുതൽ ദയാരഹിതമായിക്കൊണ്ടിരിക്കുന്നുവോ എന്ന് സംശയിച്ചു പോകുന്ന ഈ കാലഘട്ടത്തിൽ കാരുണ്യത്തിൽ അധിഷ്ടിതമായ ജീവിതശൈലിയിലൂടെ നന്മയുടെ സമൃദ്ധിക്കായി പരിശ്രമിക്കുവാൻ കാരുണ്യ വർഷം വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും ആകുവാൻ സഹായിക്കുന്ന ആത്മീയവും സാമൂഹ്യവുമായ കർമ്മ പദ്ധതികൾ തിരുസഭ അതിന്റെ ഓരോ ഘടകങ്ങളിലും വിഭാവനം ചെയ്തിട്ടുണ്ട്.

ജൂബിലി വർഷത്തിന്റെ ഒരു സവിശേഷതയാണ് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ വിവിധ രൂപതകളിലെ കത്തീഡ്രലുകളിലും പ്രധാന ദേവാലയങ്ങളിലും പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള "കരുണയുടെ വാതിൽ". ആത്മീയമായ ഒരുക്കത്തിലൂടെ ഈ വാതിലുകളിലൂടെ പ്രവേശിക്കുന്നത് ദൈവാനുഗ്രഹത്തിന്റെ അനുഭവമായിരുന്നതിനാൽ ഇത് പ്രോത്സാഹിക്കപ്പെടണമെന്നും മാർപാപ്പ ആഗ്രഹിക്കുന്നു. 

ഭയങ്ങളിൽ നിന്നും അനാഥത്വത്തിൽ നിന്നുമുള്ള സംരക്ഷണത്തിന്റെയും ദൈവത്തിന്റെ പക്കലുള്ള സ്വീകാര്യതയുടെയും അടയാളമാണ് ബൈബിളിൽ വാതിൽ. ആടുകളുടെ വാതിൽ ഞാനാകുന്നു (യോഹ.10:7) എന്ന് പറയുന്നിടത്ത് ഈശോ ദൈവ സന്നിധിയിലേക്ക് തുറക്കുന്ന വാതിലായി തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ദേവാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തിനു ക്രൈസ്തവ പാരമ്പര്യത്തിൽ സവിശേഷമായ പ്രാധാന്യമുള്ളത് ഈ പ്രതീകാത്മകത കൊണ്ടാണ്.

ദൈവ കാരുണ്യത്തിന്റെ ജൂബിലി വർഷത്തിൽ ക്ലിഫ്റ്റൺ രൂപതാ സീറോ മലബാർ സമൂഹം (CDSMCC) മെയ് രണ്ടാം തീയതി തിങ്കളാഴ്ച അനുതാപത്തിന്റെയും കൃതജ്ഞതയുടെയും സങ്കീർത്തനങ്ങളുമായി ഗ്ലാസ്റ്റൻബറിയിയിലെ പുരാതന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഒരുമിച്ചു ചേരുന്നു. ഇംഗ്ലണ്ടിന്റെ ചരിത്രവും ഐതിഹ്യവും ഇഴ ചേരുന്ന ഗ്ലാസ്റ്റൻബറി പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സോമർസെറ്റ് പ്രദേശത്ത്‌ മെൻഡിപ് മലനിരകൾക്കടുത്ത്, ബ്രിസ്റ്റോളിൽ നിന്ന് 23 മൈൽ തെക്ക് മാറി സ്ഥിതി ചെയ്യുന്നു.

ഈശോയുടെ രഹസ്യ ശിഷ്യനായിരുന്ന അരിമത്തിയക്കാരൻ ജോസഫും ആർതർ രാജാവും വിശുദ്ധ ഭാജനം (The Holy Grail) വീണ്ടെടുക്കുവാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളുമെല്ലാം ഗ്ലാസ്റ്റൻബറിയുമായി ബന്ധപ്പെട്ടാണ് മധ്യകാല നാടോടി സാഹിത്യത്തെ ഭാവനാപ്പൂർണ്ണമാക്കിയത്. ജുറാസിക് യുഗത്തിലെ ശിലകളാൽ രൂപപ്പെട്ട, 158 മീറ്റർ ഉയരമുള്ള "ഗ്ലാസ്റ്റൻബറി ടോറൂം" അതിൽ പണി കഴിപ്പിച്ചിട്ടുള്ള ഗോപുരവും ഈ മനോഹര ദേശത്തിന്റെ ഉയർത്തിപ്പിടിച്ച ശിരസു പോലെ ശ്രദ്ധാർഹമാണ്.


ഏഴാം നൂറ്റാണ്ടു മുതൽ രാജാക്കന്മാരുടെ കിരീടധാരണത്തിനു വരെ വേദിയായിരുന്ന പ്രബലമായ ഒരു സന്യാസ ആശ്രമം ഗ്ലാസ്റ്റൻബറിയിൽ നില നിന്നിരുന്നു. ഹെൻട്രി എട്ടാമന്റെ മതനവീകരണ പ്രവർത്തനങ്ങളിൽ തകർന്നടിഞ്ഞ ഈ ആശ്രമത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ തന്നെ അതിന്റെ ഭൂതകാല പ്രൗഡി വിളിച്ചോതുന്നതാണ്.

തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ ആത്മീയ ഭൂപടത്തിൽ ഈ പുരാതനതീർത്ഥാടന കേന്ദ്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്ലിഫ്റ്റൺ രൂപതാധ്യക്ഷൻ ബിഷപ്‌ ഡക്ലൻ ലാംങ്ങ് ഗ്ലാസ്റ്റൻബറി സെന്റ്‌ മേരീസ് ദേവാലയത്തെ കരുണയുടെ വർഷത്തിൽ രൂപതകളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വിശുദ്ധ കവാടം (Holy Door) ഉള്ള ദേവാലയമായി ഉയർത്തിയത്.  


മെയ് രണ്ടാം തീയതി തിങ്കളാഴ്ച 9 മണി മുതൽ ക്ലിഫ്റ്റൺ രൂപതയിലെ ബാത്ത്, ബ്രിസ്റ്റോൾ, ചെൽറ്റനാം, ഗ്ലോസ്റ്റർ, സാലിസ്ബറി, സ്വിൻഡൻ, ടോൺടൻ, വെസ്റ്റൺസൂപ്പർ മേർ, യോവിൽ എന്നീ ഒൻപത് സമൂഹങ്ങളിലെ വിശ്വാസികളും കൂടാതെ എക്സീറ്റർ സീറോ മലബാർ സമൂഹത്തിൽ നിന്നുള്ള തീർത്ഥാടകരും ദിവ്യകാരുണ്യ ആരാധനയിലും അനുരഞ്ജന ശുശ്രൂഷയിലും പങ്കു ചേരം.

മെയ് 2ന്, 9.30ന് ജപമാലയും കുമ്പസാരവും 10.00 മണിക്ക് ആരാധന ഉച്ചക്ക് 1.00 മണിക്ക് ഫാ. സിറിൽ ഇടമന നയിക്കുന്ന ആത്മീയ പ്രഭാഷണം, 2.00 മണിക്ക് വിശുദ്ധ കുർബ്ബാന, 3.00 മണിക്ക് വിശുദ്ധ കവാട പ്രവേശനവും ആശിർവാദം എന്നിവയും 4 മണിയോടെ തീർത്ഥാടന സമാപനവുമാകും.

ക്ലിഫ്റ്റൺ രൂപത പാസ്റ്ററൽ ടീം അംഗങ്ങളായ ഫാ. പോൾ വെട്ടിക്കാട്ട് (ചാപ്ലയിൻ) , ഫാ. സിറിൽ ഇടമന, ഫാ. സണ്ണി പോൾ, ഫാ. ജോയ് വയലിൽ, ഫാ. ജോബി, ഫാ. സ്മിജോ എന്നിവരുടെ നേതൃത്വത്തിൽ ആണ് ശുശ്രൂഷകൾ നടക്കുന്നത്.

തീർത്ഥാടനത്തിന് വരുന്നവർ ലഞ്ച് കരുതേണ്ടതാണ്. ടീ, കോഫി എന്നിവ പാരീഷ് ഹാളിൽ ലഭിക്കുന്നതാണ്.  

പാർക്കിംഗ്:

ദേവാലയത്തിന് മുൻപിൽ പേ ആൻഡ്‌ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നാല് മണിക്കൂറിനു 4 പൌണ്ടും ഒരു ദിവസത്തിനു 8 പൌണ്ടും ആണ് ചാർജ് ഈടാക്കുന്നത്. ബാങ്ക് ഹോളിഡേ ആയതിനാൽ കൂടുതൽ പാർക്കിംഗ് സൗകര്യം ഉണ്ടാകാം.  

ആത്മീയശുശ്രൂഷകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി ഫാ. പോൾ വെട്ടിക്കാട്ട്  (CDSMCC ചാപ്ലയിൻ), ഫിലിപ്പ് കണ്ടോത്ത്: (CDSMCC ട്രസ്റ്റി) 07703063836, റോയ് സെബാസ്റ്റ്യൻ: (CDSMCC ജോയിന്റ് ട്രസ്റ്റി) 07862701046 എന്നിവർ അറിയിച്ചു. 

പോസ്റ്റ്‌ കോഡ്: BA6 9EJ, Magdalene Street    

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. പോൾ വെട്ടിക്കാട്ട്  (CDSMCC ചാപ്ലയിൻ)

ഫിലിപ്പ് കണ്ടോത്ത്: (CDSMCC ട്രസ്റ്റി) 07703063836  

റോയ് സെബാസ്റ്റ്യൻ: (CDSMCC ജോയിന്റ് ട്രസ്റ്റി) 07862701046

                             




കൂടുതല്‍വാര്‍ത്തകള്‍.