CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 19 Minutes 4 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; പ്രസുദേന്തി വാഴ്ചയും തിരുക്കർമ്മങ്ങളും ഭക്തിസാന്ദ്രമായി, മാഞ്ചസ്റ്റർ തിരുന്നാൾ ലഹരിയിൽ

മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരി പതാക ഉയർത്തിയതോടെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം 5ന് നടന്ന ദിവ്യബലിയെയും പ്രസുദേന്തി വാഴ്ചയെയും   തുടർന്നാണ് കൊടിയേറ്റ് നടന്നത്.

വൈകുന്നേരം 5ന് പ്രദക്ഷിണത്തോടെയാണ് ദിവ്യബലിക്കു തുടക്കമായത്. തിരുന്നാളുകൾ വിശ്വാസ പ്രഘോഷണമാണെന്നും ആത്മീയമായ ഒരുക്കത്തോടെ ജൂലൈ രണ്ടിനായി ഒരുങ്ങുവാൻ ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. പ്രസുദേന്തി വാഴ്ചയെയും, വെഞ്ചെരിപ്പിനെയും തുടർന്നാണ് കൊടിയേറ്റ് നടന്നത്. ഇന്ന് വൈകുന്നേരം 5ന് നടക്കുന്ന ദിവ്യബലിയിൽ ലീഡ്‌സ് രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ. ജോസഫ് പൊന്നേത്ത് കാർമ്മികനാകും.


ചൊവ്വാഴ്ച ഫാ. തോമസ് മടുക്കമൂട്ടിൽ, ബുധനാഴ്ച ഫാ. മൈക്കിൾ മുറൈ, വ്യാഴാഴ്ച ഫാ. തോമസ് തൈക്കൂട്ടത്തിൽ എന്നിവരും വൈകുന്നേരം 5ന് നടക്കുന്ന ദിവ്യബലിയിൽ കാർമ്മികരാകും. വെള്ളിയാഴ്ച വൈകുന്നേരം 4ന് ദിവ്യബലിക്ക് തുടക്കമാകും. യുകെ സീറോ മലബാർ കോർഡിനേറ്റർ റവ. ഫാ. തോമസ് പാറയടിയിൽ ദിവ്യബലിയിൽ കാർമ്മികരാകും. തുടർന്നു വൈകുന്നേരം 6 മുതൽ വിഥിൻഷോ ഫോറം സെന്ററിൽ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണനും സംഘവും നയിക്കുന്ന ഗാനമേളയ്ക്കു തുടക്കമാകും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ രണ്ടാം തീയതി രാവിലെ 10ന് അത്യാഘോഷപ്പൂർവ്വമായ പൊന്തിഫിക്കൽ കുർബ്ബാനയ്ക്ക് തുടക്കമാകും. കോതമംഗലം രൂപത ബിഷപ്പ് മാർ. ജോർജ് പുന്നക്കോട്ടിൽ, ഷ്രൂസ്‌ബറി രൂപത ബിഷപ്പ് മാർക്ക് ഡേവീസ് എന്നിവർ യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വൈദികരും തിരുന്നാൾ കുർബ്ബാനയിൽ കാർമ്മികരാകും. ഇതേ തുടർന്നു തിരുന്നാൾ പ്രദക്ഷിണവും സമാപന ആശിർവാദവും ഊട്ട് നേർച്ചയും സ്‌നേഹവിരുന്നും നടക്കും. 


പള്ളി പരിസരത്തെ കേരളീയ തനിമയിൽ ക്രമീകരിക്കുന്ന സ്റ്റാളുകളിൽ നിന്നും നാടൻ വിഭവങ്ങളും, ഐസ്ക്രീമുകളും എല്ലാം ലഭ്യമാകും. മാജിക്ക് ഷോയും ബലൂൺ മോഡലിങ്ങും കുട്ടികൾക്കായുള്ള വിവിധ ഗെയിംസുകളും പള്ളിപരിസരത്ത് പ്രവർത്തിക്കും.


ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 101 അംഗ കമ്മിറ്റി തിരുന്നാൾ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. ഭാരത അപ്പോസ്തലൻ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ഏവരെയും യുകെയുടെ മലയാറ്റൂരിലേക്ക് റവ. ഡോ. ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്തു കൊള്ളുന്നു. 

 

വാർത്ത: സാബു ചുണ്ടക്കാട്ടിൽ   




കൂടുതല്‍വാര്‍ത്തകള്‍.