CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 18 Minutes 2 Seconds Ago
Breaking Now

നഴ്‌സുമാര്‍ മാറിനില്‍ക്കൂ, എന്‍എച്ച്എസില്‍ ക്ലീനര്‍മാരെ രോഗികള്‍ക്ക് ഭക്ഷണം നല്‍കാന്‍ നിയോഗിക്കുന്നു; ആരോഗ്യ മേധാവികളുടെ പദ്ധതിക്കെതിരെ കടുത്ത അമര്‍ഷം; ഒരേ വസ്ത്രത്തില്‍ രണ്ട് ജോലികള്‍ ചെയ്താല്‍ ക്ലീനര്‍മാര്‍ മാലാഖമാരാകുമോയെന്ന് വിമര്‍ശകര്‍!

ക്ലീനര്‍മാരെ ഇരട്ട റോളിന് നിയോഗിക്കാനുള്ള പദ്ധതി അടുത്ത മാസം സൗത്ത് ലണ്ടനിലെ ടൂട്ടിംഗ് സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ ആരംഭിക്കും

എന്‍എച്ച്എസ് ആശുപത്രികളില്‍ വൃത്തിയാക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്ലീനര്‍മാര്‍ രോഗികള്‍ക്ക് അരികിലേക്ക് ഭക്ഷണം ഊട്ടാനെത്തുന്ന കാലം ഇനി വിദൂരമല്ല. എന്‍എച്ച്എസ് ക്ലീനര്‍മാരെ ഇനി രണ്ട് ജോലികള്‍ക്കായി പ്രയോജനപ്പെടുത്തണമെന്നാണ് ഹെല്‍ത്ത് ബോസുമാരുടെ പദ്ധതി. രക്തവും, മറ്റ് അവശിഷ്ടങ്ങളും നീക്കി വരുന്ന വഴിയില്‍ വേണമെങ്കിലും വസ്ത്രം മാറ്റാതെ രോഗികള്‍ക്ക് ഭക്ഷണം നല്‍കാമെന്നാണ് പദ്ധതിയില്‍ പറയുന്നത്. 

ഏപ്രണും, ഹെയര്‍നെറ്റും അണിഞ്ഞ് വൃത്തിയാക്കലും, വൃത്തി ആവശ്യമുള്ള ജോലിയും ഒരുമിച്ച് ചെയ്യിക്കാനുള്ള പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പ്രവര്‍ത്തനക്ഷമത ഉയര്‍ത്താനാണ് ക്ലീനറുടെയും, ഫുഡ് സെര്‍വ്വറുടെയും ഇരട്ട റോള്‍ ഏറ്റെടുക്കാന്‍ ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് ഉത്തരവ് ലഭിച്ചിരിക്കുന്നത്. ചെലവ് ചുരുക്കി ലാഭം കണ്ടെത്താനുള്ള പദ്ധതി ജീവനുകള്‍ രക്ഷിക്കുന്നതിന് പകരം അപകടത്തിലാക്കുമെന്നാണ് വിമര്‍ശകരുടെ പക്ഷം. 

വൃത്തിയിലും, രോഗികളുടെ പരിചരണത്തിലും ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ഈ ഇരട്ട റോള്‍ പദ്ധതിയെന്നാണ് ഇവരുടെ പരാതി. അപകടകാരിയായ ലിസ്റ്റീരിയ വൈറസ് ഉള്‍പ്പെട്ട സാന്‍ഡ്‌വിച്ചുകള്‍ കഴിച്ച് ഇംഗ്ലണ്ടില്‍ അഞ്ച് രോഗികള്‍ മരിച്ചെന്ന ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ക്ലീനര്‍മാരെ ഇരട്ട റോളിന് നിയോഗിക്കാനുള്ള പദ്ധതി അടുത്ത മാസം സൗത്ത് ലണ്ടനിലെ ടൂട്ടിംഗ് സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ ആരംഭിക്കും. 

എന്‍എച്ച്എസും, സ്വകാര്യ കോണ്‍ട്രാക്ടറായ മിറ്റിയും തമ്മില്‍ കരാറില്‍ എത്തിയതോടെയാണ് ഈ രീതി നടപ്പാക്കുന്നത്. അതേസമയം ജിഎംബി യൂണിയന്‍ പദ്ധതിക്കെതിരെ രംഗത്തെത്തി. രോഗികള്‍ക്ക് ക്രോസ് കണ്ടാമിനേഷന്‍ റിസ്‌ക് സമ്മാനിക്കുന്നതാണ് പദ്ധതിയെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. നഴ്‌സുമാര്‍ ചെയ്യുന്ന റോള്‍ നിര്‍വ്വഹിക്കാന്‍ ക്ലീനര്‍മാര്‍ എത്രത്തോളം അനുയോജ്യരാണെന്നതും സംശയം ഉയര്‍ത്തുന്നു. 2014-ല്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ എന്‍എച്ച്എസിലെ കാല്‍ശതമാനം രോഗികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. നഴ്‌സുമാര്‍ ആവശ്യത്തിന് ഇല്ലാത്ത സാഹചര്യത്തില്‍ സമ്മര്‍ദം കുറയ്ക്കാനും ശ്രദ്ധ വര്‍ദ്ധിപ്പിക്കാനും ക്ലീനര്‍മാരെ ഭക്ഷണം നല്‍കാന്‍ നിയോഗിക്കുന്നത് വഴി സഹായിക്കുമെന്നാണ് വിശദീകരണം. 




കൂടുതല്‍വാര്‍ത്തകള്‍.