CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 28 Seconds Ago
Breaking Now

ഇന്ത്യ, യുകെ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ 'ഫ്രീസറില്‍'! അവസാനവട്ട ചര്‍ച്ചകളിലും വഴിത്തിരിവ് രൂപപ്പെട്ടില്ല; ഇന്ത്യ തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലേക്ക് വീണതോടെ ഇനി കരാര്‍ ചര്‍ച്ചകളും വൈകും; ഋഷിക്ക് മോശം വാര്‍ത്ത

വിഷയത്തില്‍ ചൊവ്വാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു

യുകെ, ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അന്തിമ തീരുമാനത്തില്‍ എത്താതെ പിരിഞ്ഞു. 14-ാം വട്ട ചര്‍ച്ചകളിലാണ് കാര്യങ്ങള്‍ കരാറിലേക്ക് എത്താതെ അവസാനിപ്പിച്ചത്. ഇതോടെ കരാറിന്റെ ഭാവി അടുത്ത തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഉറപ്പായി. 

വെള്ളിയാഴ്ച രാത്രിയോടെയാണ് ഏറ്റവും ഒടുവിലത്തെ ചര്‍ച്ചകള്‍ യുകെ ഗവണ്‍മെന്റ് പൂര്‍ത്തിയാക്കിയത്. പ്രതിനിധികള്‍ രണ്ടാഴ്ചയായി തുടരുന്ന കൊടുമ്പിരി കൊണ്ട വിലപേശലുകള്‍ക്ക് ഒടുവില്‍ ഫലം കാണാതെ പിരിയുകയായിരുന്നു. ഏറെ നാളായി യുകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ ഇനി ചര്‍ച്ചകള്‍ നടക്കാന്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകേണ്ടി വരും. 

കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ യുകെ ഗവണ്‍മെന്റിന്റെ സീനിയര്‍ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലേക്ക് എത്തിയിരുന്നു. അവസാന നിമിഷം കരാര്‍ ഒപ്പുവെയ്ക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ ശനിയാഴ്ച ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരികയും, എഫ്ടിഎ ചര്‍ച്ചകള്‍ സാധ്യമല്ലാതെ വരികയും ചെയ്യും. 

വിഷയത്തില്‍ ചൊവ്വാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. കരാറില്‍ ഒപ്പുവെയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് സുനാക് സംസാരിച്ചത്. എന്നാല്‍ ബ്രിട്ടന് അന്തിമ കരാര്‍ നല്‍കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. 2022 ജനുവരിയില്‍ ഇന്ത്യ, യുകെ കരാര്‍ ചര്‍ച്ചകള്‍ തുടങ്ങിയതാണ്. ഇന്ത്യയുടെ 1.4 ബില്ല്യണ്‍ ജനസംഖ്യയും, 2050-ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുമായി വളരുമെന്ന അവസരമാണ് ബ്രിട്ടന്റെ നോട്ടം.  




കൂടുതല്‍വാര്‍ത്തകള്‍.