CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 16 Seconds Ago
Breaking Now

കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇടപെടണം; പ്രധാനമന്ത്രിയോട് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ സൈന്യം പിടിച്ചെടുത്തത്.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ചരക്കുകപ്പലില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് ആശങ്കാജനകമാണെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ബന്ധികളായവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ സൈന്യം പിടിച്ചെടുത്തത്.

കപ്പല്‍ കമ്പനി ഇറാനുമായി ചര്‍ച്ച തുടരുകയാണ്. കപ്പലിലെ ജീവനക്കാരെ വിട്ടു നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് സി കമ്പനി ഇറാനോട് ആവശ്യപ്പെട്ടിരുന്നു. കപ്പലിലെ ഇന്ത്യക്കാരെ വിട്ട് കിട്ടുവാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നയതന്ത്ര ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കപ്പലിലെ ഇന്ത്യന്‍ പൗരന്‍മാരെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ഇറാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു.

നേരത്തെ വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണമാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു. സുമേഷ് പിവി, ധനേഷ്, ശിംനാഥ് തുടങ്ങിയ മലയാളികളാണ് കപ്പലിലുള്ളതെന്നും വിദേശകാര്യമന്ത്രിക്കയച്ച കത്തിലുണ്ടായിരുന്നു. ഈ മൂന്ന് പേരെയും കൂടാതെ തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനി ആന്‍ ടസാ ജോസഫും (21) കപ്പലില്‍ കുടുങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അമിറാബ്ദുള്ളാഹിയാനെ ഇന്നലെ ഫോണില്‍ വിളിച്ചു. ഇന്ത്യക്കാര്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്നും ഉടന്‍ കൈമാറാമെന്നും ഇറാന്‍ വിദേശമന്ത്രാലയത്തിന്റെ ഉറപ്പ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കപ്പലില്‍ കുടുങ്ങിയ മലയാളികളുടെ കുടുംബം തങ്ങളുടെ ആശങ്കയറിയിച്ച് ഇതിനകം തന്നെ രംഗത്തെത്തിയിരുന്നു. പ്രദേശത്തെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് ഉറ്റവരെ നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 




കൂടുതല്‍വാര്‍ത്തകള്‍.