CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 28 Seconds Ago
Breaking Now

പുരുഷന്‍ കയറുന്നിടത്ത് സ്ത്രീക്കും പോകാം ; ശബരിമല വിഷയത്തില്‍ സുപ്രീംകോടതി

പുരുഷന് ബാധകമായിട്ടുള്ളതാണ് സ്ത്രീക്കും ബാധകം. സ്വകാര്യ ക്ഷേത്രമെന്ന ചിന്ത നിലനില്‍ക്കില്ല.

ദില്ലി: ശബരിമല ക്ഷേത്രത്തില്‍ 10 വയസ്സിനും, 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് സംബന്ധിച്ച വിഷയത്തില്‍ വാദം കേട്ടത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ്. പരമോന്നത കോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റ് ഇന്ദിര ജയ്‌സിംഗ് കേരള ഹിന്ദു പ്ലേയ്‌സസ് ഓഫ് പബ്ലിക് വര്‍ഷിപ്പ് (പ്രവേശന അധികാരം) ആക്ട് 1965നെ ചോദ്യം ചെയ്തു. 

ഈ ആക്ട് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണെന്നാണ് അഡ്വ. ഇന്ദിര ജയ്‌സിംഗ് വാദിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് ആര്‍ട്ടിക്കിള്‍ 17 തൊട്ടുകൂടായ്മ പ്രകാരമാകില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കല്‍ 25 (2) ബി പ്രകാരം എല്ലാ വിഭാഗത്തിലും പെട്ടവരെന്ന ഗണത്തില്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ആര്‍ത്തവമുള്ള സ്ത്രീകളെ അശുദ്ധരായി കാണുന്നു. മതത്തിന്റെ പേരിലല്ല ആചാരങ്ങളുടെ പേരിലാണ് വിലക്കെന്ന് അവര്‍ പറയുന്നു. മനഃസാക്ഷി യുടെ സ്വാതന്ത്ര്യം മനുഷ്യരിലാണ് വസിക്കുന്നത്. സ്ഥാപനങ്ങള്‍ അവരുടെ നടത്തിപ്പ് കൈകാര്യം ചെയ്യാന്‍ മാത്രമാണ് അവകാശം. ആരാധിക്കാനുള്ള അവകാശം എന്റേതാണ്, ജയ്‌സിംഗ് പറഞ്ഞു. 

പുരുഷന്‍ പ്രവേശിക്കുന്ന സ്ഥലത്ത് സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പുരുഷന് ബാധകമായിട്ടുള്ളതാണ് സ്ത്രീക്കും ബാധകം. സ്വകാര്യ ക്ഷേത്രമെന്ന ചിന്ത നിലനില്‍ക്കില്ല. ക്ഷേത്രം തുറന്നാല്‍ ആര്‍ക്കും പോകാം, ദീപക് മിശ്ര കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.