CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 24 Minutes 48 Seconds Ago
Breaking Now

സൗത്ത് ഈസ്റ്റില്‍ 300 ൽ പരം മത്സരാര്‍ത്ഥികളുടെ ആവേശപ്പോരാട്ടം ശനിയാഴ്ച; ഉദ്ഘാടനം ദേശീയ പ്രസിഡന്റ് മാമ്മന്‍ ​ഫിലിപ്പ്

നഷ്ടപ്രതാപം വീണ്ടെടുത്ത് സൗത്ത് ഈസ്റ്റ് റീജിയണ്‍ യുക്മ കലാമേളയില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമ്പോള്‍ ആവേശപ്പോരാട്ടത്തിന് തിരിതെളിക്കാനെത്തുന്നത് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്. സൗത്ത് ഈസ്റ്റ് റീജിയണില്‍ അംഗങ്ങളായ 21 അസോസിയേഷനുകളില്‍ നിന്നുമായി 300ല്പരം മത്സരാര്‍ത്ഥികളെത്തുന്നു എന്നുള്ളതാണ് ഈ റീജണല്‍ കലാമേളയുടെ സവിശേഷത. ഒക്ടോബര്‍ 28ന് നടക്കുന്ന എട്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടത്തപ്പെടുന്ന റീജിയണല്‍ കലാമേളകളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നതിന് ഇതോടെ സൗത്ത് ഈസ്റ്റിലെ കലാമേളയ്ക്കും സാധിച്ചിരിക്കുകയാണ്. മിഡ്​ലാന്റ്സ്, ഈസ്റ്റ് ആംഗ്ലിയ എന്നീ കരുത്തന്മാരായ റീജിയണുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതിന് പ്രാപ്തമായ റീജിയണ്‍ എന്ന നിലയിലേയ്ക്ക് സൗത്ത് ഈസ്റ്റ് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. 

യുക്മ ദേശീയ കലാമേള ചരിത്രത്തിലാദ്യമായി ഇത്തവണ സൗത്ത് ഈസ്റ്റ് റീജിയണില്‍ നടത്തപ്പെടാന്‍ പോവുകയാണ്. യുക്മയുടെ പ്രഥമ കലാമേളയ്ക്ക് ആതിഥേയത്വം വഹിച്ചത് സംയുക്ത സൗത്ത് റീജിയണായിരുന്നുവെങ്കിലും അത് സൗത്ത് വെസ്റ്റിലെ ബ്രിസ്റ്റോളില്‍ വച്ചാണ് നടത്തപ്പെട്ടത്. തുടര്‍ന്ന് നടന്ന ആറ് കലാമേളകള്‍ക്ക് മിഡ്​ലാന്റ്സ്, ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്ത് ഈസ്റ്റ് റീജിയണുകളാണ് ആതിഥേയത്വം വഹിച്ചത്. എട്ടാമത് യുക്മ ദേശീയ കലാമേള സൗത്ത് ഈസ്റ്റില്‍ വച്ച് നടത്തപ്പെടുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് റീജിയണല്‍ കമ്മറ്റി ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. മികവുറ്റ രീതിയില്‍ ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുമ്പോള്‍ തന്നെ മികച്ച പ്രകടനത്തോടെ ചാമ്പ്യന്‍ പട്ടവും സ്വന്തമാക്കണമെന്ന വാശിയും റീജിയണല്‍ കമ്മറ്റിയ്ക്കും റീജിയണില്‍ നിന്നുള്ള ദേശീയ നേതാക്കള്‍ക്കുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുക്മ ദേശീയ കലാമേളകളില്‍ ആദ്യ രണ്ട്  സ്ഥാനങ്ങളിലെത്തുവാന്‍ സൗത്ത് റീജിയണ് സാധിച്ചിട്ടില്ല. എന്നാല്‍ മിഡ്​ലാന്റ്സിന്റെയും ഈസ്റ്റ് ആംഗ്ലിയയുടേയും കുത്തക തകര്‍ക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് സൗത്ത് ഈസ്റ്റ് റീജിയണ്‍ നേതൃത്വം. 

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ലാലു ആന്റണിയുടെയും അജിത് വെണ്മണിയുടെയും നേതൃത്വത്തില്‍ അധികാരമേറ്റെടുത്ത റീജിയണല്‍ കമ്മറ്റി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസിന്റെ മേല്‍നോട്ടത്തില്‍ സൗത്ത് ഈസ്റ്റ് റീജിയണെ കരുത്തുറ്റതാക്കുവാനുള്ള നിരന്തര പരിശ്രമം നടത്തിയത്. റീജിയണിലെ സജീവമല്ലാത്ത അസോസിയേഷനുകളെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവന്നും ശക്തരായ പല അസോസിയേഷനുകള്‍ക്ക് അംഗത്വം നല്‍കിയുമാണ് റീജിയണെ സജീവമാക്കിയത്. യുക്മയുടെ നേതൃത്വത്തില്‍ റഗ്ബിയില്‍ നടത്തിയ വള്ളംകളിയില്‍ റീജിയണില്‍ നിന്നും ഹോര്‍ഷം, ഹേവാര്‍ഡ്സ് ഹീത്ത്, ഡാര്‍ട്ട്ഫോര്‍ഡ് എന്നീ മൂന്ന് ടീമുകളെ പങ്കെടുപ്പിക്കുന്നതിനും സാധിച്ചു. റീജിയണല്‍ കലാമേളയില്‍ റീജിയണിലുള്ള 21 അംഗ അസോസിയേഷനുകളുടേയും പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് സാധ്യമാക്കിയിരിക്കുന്നതോടെ ദേശീയ കലാമേളയിലും വാശിയേറിയ പ്രകടനം കാഴ്ച്ച വയ്ക്കാമെന്ന ആത്മവിശ്വാസവും റീജിയണല്‍ നേതൃത്വത്തിനുണ്ട്. 

സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് യുക്മയുടെ ദേശീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ടാവും. കലാമേളയ്ക്ക് തുടക്കം കുറിച്ച് രാവിലെ 10 മണിയ്ക്ക് നടക്കുന്ന സമ്മേളനം യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ പ്രസിഡന്റിനൊപ്പം യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണിന്റെ പുത്രിയും മുന്‍ റീജിയണല്‍ കലാതിലകം കൂടിയായ ആന്‍ തെരേസാ വര്‍ഗ്ഗീസും ഭദ്രദീപം തെളിയിക്കും. ചടങ്ങില്‍ റീജിയണല്‍ പ്രസിഡന്റ് ലാലു ആന്റണി അധ്യക്ഷനായിരിക്കും. ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും. ദേശീയ കലാമേള ജനറല്‍ കണ്‍വീനര്‍ ഓസ്റ്റിന്‍ അഗസ്റ്റിന്‍, മുന്‍ യുക്മ ജനറല്‍ സെക്രട്ടറി ബാലസജ്ജീവ് കുമാര്‍, മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസ്, യുക്മ ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. റീജണല്‍ ജനറല്‍ സെക്രട്ടറി അജിത് വെണ്‍മണി സ്വാഗതവും ട്രഷറര്‍ അനില്‍ പാലൂത്താനം നന്ദിയും രേഖപ്പെടുത്തും. ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് പുതിയതായി യുക്മയില്‍ ചേര്‍ന്ന എല്ലാ അംഗ അസോസിയേഷനുകള്‍ക്കും അംഗത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.  

തുടര്‍ന്ന് മൂന്ന് വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ നല്‍കുന്നതിന് പ്രത്യേക ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ ഉണ്ടായിരിക്കുന്നതാണ്. മുന്നൂറില്പരം മത്സരാര്‍ത്ഥികളുടെ ആവേശപ്പോരാട്ടം വീക്ഷിക്കുന്നതിനായി രണ്ടായിരത്തില്പരം ആളുകള്‍ എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. സൗജന്യ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യുകെയിലെ പ്രസിദ്ധമായ ഇവെന്റ്‌ മാനേജ്‌മെന്റ് കമ്പനിയായ റോയൽ ഇവന്റസ്‌ യുകെ ആണ് സ്വാദിഷ്ഠമായ കേരളീയ ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുന്നത് . പ്രഭാത ഭക്ഷണം മുതല്‍ കലാമേളയുടെ അവസാനം വരെ ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്..

മത്സരങ്ങള്‍ക്ക് ശേഷം വൈകുന്നേരം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം യുക്മ മുന്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു ഉദ്ഘാടനം ചെയ്യും. മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. 

ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി (ഡി.കെ.സി), ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളീ അസോസിയേഷന്‍, കെ.സി.ഡബ്ലു.എ ക്രോയിഡോണ്‍, സൗത്ത് ഈസ്റ്റ് മലയാളി അസോസിയേഷന്‍ ഈസ്റ്റ്ബോണ്‍,  വോക്കിങ് മലയാളീ അസോസിയേഷന്‍, റിഥം ഹോര്‍ഷം , ഹേവാര്‍ഡ്സ്ഹീത്ത് യുണൈറ്റഡ് മലയാളീ അസോസിയേഷന്‍, അസ്സൊസിയേഷന്‍ ഒഫ്‌ സ്ലോ മലയാളീസ്, ബ്രിട്ടീഷ് കേരളൈറ്റ്സ് സൊത്താള്‍, കാന്റര്‍ബറി കേരളൈറ്റ്സ്, സംഗീത യുകെ ക്രോയിഡോണ്‍ , കെ.സി.ഡബ്ല്യൂ.എ. ക്രോയിഡോണ്‍, ഡബ്ലിയു.വൈ.എം.സി.എ വോക്കിങ്, മാസ്സ്‌ ടോള്‍വര്‍ത്ത്‌, മലയാളീ അസോസിയേഷന്‍ റെഡ്ഹില്‍, സഹൃദയ കെന്റ് , റെഡിങ്, പോര്‍ട്സ്മൗത്ത്‌ മലയാളി അസോസിയേഷന്‍, ഡാട്ട്ഫൊര്‍ഡ് മലയാളീ അസോസിയേഷന്‍, മെയ്ഡ്സ്റ്റോണ്, ആഷ്ഫോര്‍ഡ് എന്നിവടങ്ങളില്‍ നിന്നുമായിട്ടാണ് 300 ൽ പരം എന്‍ട്രികള്‍ ലഭിച്ചിരിക്കുന്നത് .

മത്സരങ്ങളുടെ പൂര്‍ണ വിജയത്തിനായി  താഴെ പറയുന്നവര്‍ വിവിധ കമ്മറ്റികളുടെ ചുമതല വഹിക്കുന്നതാണ്. 

കലാമേള ചെയര്‍മാന്‍ : ലാലു ആന്റണി

വൈസ് ചെയര്‍മാന്‍ : സുരാജ് എം രാജന്‍ 

ജനറല്‍ കണ്‍വീനര്‍ :  അജിത് വെണ്‍മണി 

അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ :റോജിമോന്‍ വര്‍ഗീസ്

 അപ്പീല്‍ കമ്മറ്റി : ലാലു ആന്റണി, അജിത് വെണ്‍മണി, അനില്‍ വര്‍ഗീസ്, ജോമോന്‍ കുന്നേല്‍

ഫിനാന്‍സ് കണ്‍ട്രോളര്‍ : അനില്‍ വര്‍ഗീസ്

ഓഫീസ്‌ ഇന്‍ ചാര്‍ജ് : സന്തോഷ് ചന്ദ്രശേഖര്‍ 

ഓഫീസ് സഹായികള്‍ : അജു ആന്റണി, ജോഷി കുര്യാക്കോസ്, സനീഷ് ബാലന്‍, ബിബിന്‍ എബ്രഹാം 

പ്രോഗ്രാം  കോര്‍ഡിനേറ്റര്‍സ് : മനോജ് പിള്ള, ജേക്കബ് കോയിപ്പള്ളി, ഹരി പദ്മനാഭന്‍, ജോസ് പിഎം, ട്വിങ്കില്‍ ടോംസ് 

ഫസ്റ്റ് എയ്ഡ് : ജോസിന്‍ ജോസ്, ഹെലന്‍ എബ്രഹാം, റോസ്മോള്‍  അലെന്‍ 

ജനറല്‍ കോര്‍ഡിനേറ്റര്‍സ് :

ബിജു പോത്താനിക്കാട്.

സെബാസ്റ്റ്യന്‍ എബ്രഹാം ,

ടിനോ സെബാസ്റ്റ്യന്‍,

ജോ വര്‍ഗീസ്,

സോനു സെബാസ്റ്റ്യന്‍ ,

സ്റ്റാലിന്‍ ദേവസിയ,

ദില്‍ഷാദ് ,

ബിനോയ് ചെറിയാന്‍ ,

ജോജി ജോസഫ്,

അഭിലാഷ് ആബേല്‍,

സിജു ജേക്കബ്,

ജയശ്രീ,

സന്നമ്മ ബെന്നി ,

സാബു മാത്യു ,

ജോമി ജോയ്, 

ജോസ് ഫെര്‍ണാണ്ടസ്, 

ജോമോന്‍ ചെറിയാന്‍  , 

ജോയ്‌ പൗലോസ്,

പോളച്ചന്‍ ,

ശശികുമാര്‍പിള്ള,

ജിമ്മി അഗസ്റ്റിന്‍  

അലന്‍ ജേക്കബ്,

സൈമി ജോര്‍ജ് 

റെയ്നോള്‍ഡ് മാനുവല്‍ 

കലാമേള ഉന്നത നിലവാരം പുലര്‍ത്തി വിജയിപ്പിക്കുവാന്‍ അംഗ അസ്സോസിയേഷനുകളോടും മലയാളി സമൂഹത്തോടും യുക്മ  സൗത്ത് ഈസ്റ്റ് കമ്മിറ്റീ അഭ്യര്‍ത്ഥിച്ചു.

വാർത്ത: ജോമോൻ കുന്നേൽ  




കൂടുതല്‍വാര്‍ത്തകള്‍.