CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 26 Minutes 19 Seconds Ago
Breaking Now

ഹാക്ക്‌നിയില്‍ നവജാതശിശുവിനെ ചെടികള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയില്‍; അമ്മയെ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജ്ജിതശ്രമം; പൊക്കിള്‍ക്കൊടി പോലും വേര്‍പ്പെടുത്താത്ത കുഞ്ഞിനെ ഉപേക്ഷിച്ചത് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ്

അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കുകയാണ് പ്രാഥമിക കാര്യമെന്ന് പോലീസ്

ലണ്ടനിലെ റസിഡന്‍ഷ്യല്‍ സ്ട്രീറ്റില്‍ നവജാതശിശുവിനെ ചെടികള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആണ്‍കുഞ്ഞിന്റെ അമ്മയെ കണ്ടെത്താന്‍ മെട്രോപൊളിറ്റന്‍ പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു. ലണ്ടന്‍ ഹാക്ക്‌നി, സാന്‍ഡിഗ്രാം റോഡില്‍ നിന്നാണ് കുഞ്ഞിനെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിഞ്ചുകുഞ്ഞിനെ കണ്ടതോടെ ഒരു വഴിപോക്കനാണ് പോലീസില്‍ വിളിച്ച് വിവരം അറിയിച്ചത്. 

തന്റെ മുത്തശ്ശനാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് ഒരു യുവതി ഫേസ്ബുക്കില്‍ കുറിച്ചു. 'എന്റെ മുത്തശ്ശന്‍ സാന്‍ഡിഗ്രാം റോഡില്‍ ഒരു നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ പോലീസില്‍ ബന്ധപ്പെടുക', യുവതി ആവശ്യപ്പെട്ടു. നിലവില്‍ കുഞ്ഞിന്റെ അവസ്ഥ സുരക്ഷിതമാണ്, എന്നിരുന്നാലും കൊടും തണുപ്പില്‍ കണ്ടെത്താതെ പോയിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നായി മാറുമായിരുന്നു. കുഞ്ഞിന് ജന്മം നല്‍കിയ അമ്മയുടെ തലയില്‍ എന്താണ് പോകുന്നതെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. ഏത് അവസ്ഥയിലാണ് ഇവര്‍ ഈ തീരുമാനം കൈക്കൊണ്ടതെന്നും വ്യക്തമല്ല, ഇവരെ കണ്ടെത്തണം, യുവതി പറഞ്ഞു. 

ആശുപത്രി അന്തരീക്ഷത്തിന് പുറത്താണ് കുഞ്ഞ് ജനിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കുന്നത്. ഇൗസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റലില്‍ കുഞ്ഞിന് ചികിത്സ നല്‍കിവരികയാണ്. അമ്മയോട് മുന്നോട്ട് വരാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുവഴി ഇവര്‍ക്കും ആവശ്യമായ മെഡിക്കല്‍ പരിചരണം ലഭ്യമാക്കാമെന്ന് പോലീസ് വ്യക്തമാക്കി. 'കുഞ്ഞിന്റെ അമ്മ എത്രയും വേഗം പോലീസിലോ, അടുത്തുള്ള ആശുപത്രിയിലോ, ജിപി സര്‍ജറിയിലോ ബന്ധപ്പെടണം, നിങ്ങള്‍ സുരക്ഷിതയാണെന്നും, ആവശ്യമായ മെഡിക്കല്‍ പരിചരണവും ലഭ്യമാക്കാം', സെന്‍ഡ്രല്‍ ഈസ്റ്റ് കമ്മാന്‍ഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെവിന്‍ വീക്‌സ് വ്യക്തമാക്കി. 

അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കുകയാണ് പ്രാഥമിക കാര്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെയും കുഞ്ഞിനെയും ഒരുമിപ്പിക്കാന്‍ എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ ബന്ധപ്പെടണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.