കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് കോണ്‍ഗ്രസ് എംഎല്‍എ ആഢംബര കാര്‍ സമ്മാനിച്ചതായി റിപ്പോര്‍ട്ട് . കോണ്‍ഗ്രസ് എംഎല്‍എ ബൈരാതി സുരേഷാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
ബൈരാതി സുരേഷ് സിദ്ധരാമയ്യക്ക് മെഴ്‌സിഡീസ് ബെന്‍സ് കാര്‍ സമ്മാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ നീക്കം നടക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണിത് .എന്നാല്‍ റിപ്പോര്‍ട്ടുകളെ തള്ളി മന്ത്രി ഡി കെ ശിവകുമാര്‍ രംഗത്തെത്തി. സിദ്ധരാമയ്യക്ക് കാര്‍ സുരേഷ് സമ്മാനിച്ചതല്ലെന്നും യാത്രാ ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്തതാണെന്നും ശിവ കുമാര്‍ പറഞ്ഞു.
'സുരേഷ് സിദ്ധരാമയ്യക്ക് സമ്മാനിച്ചതല്ല കാര്‍, ചിലപ്പോള്‍ നമ്മള്‍ യാത്ര ചെയ്യാന്‍ സുഹൃത്തുക്കളുടെ വാഹനം ഉപയോഗിക്കാറില്ലേ അതുപോലെയാണിതും. ഇവിടെ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവും ഇല്ല. സിദ്ധരാമയ്യ കാര്‍ സമ്മാനമായി സ്വീകരിച്ചതാണ് എന്ന് തെളിയിക്കാന്‍ എന്തെങ്കിലും രേഖയുണ്ടോ?' ശിവകുമാര്‍ ചോദിച്ചു.
നേരത്തെയും സിദ്ധരാമയ്യയ്‌ക്കെതിരെ സമ്മാനവിവാദം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അന്നത്തെ മന്ത്രി കെ ജി ജോര്‍ജ് സിദ്ധരാമയ്യക്ക് ഒരു ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാറും ഒരു വര്‍ഷത്തേക്കുള്ള ഇന്ധന കൂപ്പണും സമ്മാനിച്ചിരുന്നു. ഇത് വിവാദമായതോടെ ഇന്നോവ കാറില്‍ ദീര്‍ഘദൂരം സഞ്ചരിക്കുമ്പോള്‍ സിദ്ധരാമയ്യക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കാരണം താന്‍ കാര്‍ വിട്ടുനല്‍കിയതാണെന്നായിരുന്നു ജോര്‍ജ് പറഞ്ഞത്. ഇതിനു പുറമെ 2016ല്‍ വജ്രം പതിച്ച വാച്ച് സമ്മാനമായി സിദ്ധരാമയ്യ സ്വീകരിച്ചതും വലിയ വിവാദമായിരുന്നു.