CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 15 Minutes 8 Seconds Ago
Breaking Now

18 യുഡിഎഫ് എംപിമാരെ ജയിപ്പിച്ചത് തെറ്റായെന്ന് കേരളത്തിന് ബോധ്യമായി; സംസ്ഥാനത്തെങ്ങും ഇടതുതരംഗം അലയടിക്കുകയാണെന്ന് എംവി ഗോവിന്ദന്‍

പച്ചയായി വര്‍ഗീയത പ്രചരിപ്പിച്ച് മുസ്ലിങ്ങള്‍ക്കെതിരായ കലാപത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്

സംസ്ഥാനത്തെങ്ങും ഇടതുതരംഗം അലയടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക, സംഘപരിവാറിനെ എതിര്‍ക്കുന്ന മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുക, പാര്‍ലമെന്റില്‍ ഇടതുശക്തി വര്‍ധിപ്പിക്കുക എന്നിവ ജനങ്ങളിലെത്തിക്കാന്‍ എല്‍ഡിഎഫിനായി.

ബിജെപി വിരുദ്ധ നിലപാട് എടുക്കുമെന്നു കരുതി കഴിഞ്ഞതവണ 18 യുഡിഎഫ് എംപിമാരെ ജയിപ്പിച്ചത് തെറ്റായെന്ന് കേരളത്തിന് ബോധ്യമായി. മതനിരപേക്ഷതയെയും ഭരണഘടനയെയും സംരക്ഷിക്കുന്ന എല്‍ഡിഎഫിനല്ലാതെ വോട്ടുചെയ്യാനാകില്ലെന്ന് വ്യക്തമാണ്.

പച്ചയായി വര്‍ഗീയത പ്രചരിപ്പിച്ച് മുസ്ലിങ്ങള്‍ക്കെതിരായ കലാപത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. ഒന്നാംഘട്ടം കഴിഞ്ഞതോടെ തോല്‍ക്കുമെന്ന് ബോധ്യമായതിനാലാണ് ഇത് ചെയ്യുന്നത്. പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ല. നിയമിച്ചവരോടുള്ള കൂറാണിത്. മതരാഷ്ട്രവാദമെന്ന ഹിന്ദുത്വ അജന്‍ഡയിലേക്കുള്ള കുറുക്കുവഴിയാണ് പൗരത്വ ഭേദഗതി നിയമം.

എന്നാല്‍, കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നു. ബിജെപിപ്പേടിയില്‍ സ്വന്തം കൊടിപോലും ഉപേക്ഷിക്കേണ്ട ഗതികേടിലാണവര്‍. മുഖ്യമന്ത്രിയെ അറസ്റ്റുചെയ്യണമെന്ന് രാഹുല്‍ ഗാന്ധി പറയുന്നത് പ്രധാനമന്ത്രിയുടെ ആവശ്യത്തിന്റെ മറ്റൊരു പതിപ്പാണ്. പ്രതിപക്ഷ ഐക്യനിരയിലെ നേതാക്കള്‍ക്കെതിരായ രാഹുലിന്റെ നിലപാട് അപക്വവും ബാലിശവുമാണ്. സംഘടനയായി നിലനില്‍ക്കാന്‍ കോണ്‍ഗ്രസിന് യോഗ്യതയില്ലെന്ന് തെളിയിക്കുന്നതാണ് സൂറത്തില്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതും അദ്ദേഹം ബിജെപിയില്‍ ചേരുന്നതും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന അസം മുഖ്യമന്ത്രിയുടെ പ്രസ്താവന ഗൗരവമായി കാണണം

കെ കെ ശൈലജയ്‌ക്കെതിരായ യുഡിഎഫ് അധിക്ഷേപം കേരളത്തോടുള്ള വെല്ലുവിളിയാണ്. കുറ്റവാളികളെ സതീശനും യുഡിഎഫ് സ്ഥാനാര്‍ഥിയും പുകഴ്ത്തി. ചില മാധ്യമങ്ങളുടെ സഹായത്തോടെ അധിക്ഷേപം തുടരുകയാണ്. എല്‍ഡിഎഫ് മുന്നേറ്റം മറച്ചുപിടിക്കാനാണ് മാധ്യമശ്രമം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍ പോലും തമസ്‌കരിച്ചുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.