ടിവി റിമോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 76കാരിയായ അമ്മയെ മര്‍ദ്ദിച്ചുകൊന്ന ഇന്ത്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ബര്‍മിംഗ്ഹാമിലെ വീട്ടില്‍ വച്ചുണ്ടായ അക്രമത്തില്‍ 39കാരനായ ഇന്ത്യന്‍ വംശജന്‍ സുര്‍ജിത് സിംഗിനാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പരോള്‍ അനുവദിക്കണമെങ്കില്‍ 15 കൊല്ലത്തെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിശദമാക്കി. കഴിഞ്ഞ സെപ്തംബറിലായിരുന്നു 76കാരിയായ അമ്മ മൊഹീന്ദര്‍ കൗറിനെ സുര്‍ജിത് സിംഗ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വിധവയായ അമ്മയുടെ കെയര്‍ടേക്കറായാണ് സുര്‍ജിത് സിംഗ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. തുടര്‍ച്ചയായി ശകാരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നാണ് സുര്‍ജിത് സിംഗ് കോടതിയില്‍ വിശദമാക്കിയത്. സുര്‍ജിത് മദ്യപിച്ചും ലഹരിമരുന്നും ഉപയോഗിച്ച വീട്ടില്‍ വന്ന സമയത്തായിരുന്നു ടിവി റിമോട്ടിനെ ചൊല്ലി അമ്മയുമായി വാക്കേറ്റമുണ്ടായത്. നിരവധി തവണ ചോദിച്ചിട്ടും റിമോട്ട് നല്‍കാതെ വന്നതോടെ അമ്മ 39കാരനെതിരെ ശാപവാക്കുകള്‍ പ്രയോഗിച്ചതോടെ മകന്‍ അമ്മയെ ആക്രമിക്കുകയായിരുന്നു
അടിച്ചും തൊഴിച്ചും മുഖത്തിടിച്ചും അമ്മയെ 39കാരന്‍ ആക്രമിച്ചു. ഇതിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തേക്കുറിച്ച് സുര്‍ജിത് സിംഗ് ബന്ധുവിനോട് സംഭവത്തേക്കുറിച്ച് പറയുന്നത്. ഇയാളാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ബര്‍മിംഗ്ഹാമിലെ സോഹോ ഭാഗത്തെ വീട്ടില്‍ നിന്ന് പൊലീസാണ് 76കാരിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും 76കാരി മരണപ്പെട്ടിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിലുള്ള ആക്രമണം ആയിരുന്നില്ലെന്നും എല്ലാം കയ്യില്‍ നിന്ന് പോയെന്നുമായിരുന്നു അറസ്റ്റിലായതിന് പിന്നാസെ മകന്‍ പൊലീസിനോട് പ്രതികരിച്ചത്.