ബ്രിട്ടീഷ് ഭവനവിപണിയില്‍ പ്രവര്‍ത്തനങ്ങള്‍ മാന്ദ്യത്തിലേക്ക് നീക്കിയത് ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി ചെലവുകളെന്ന് പുതിയ ഡാറ്റ. ഏപ്രില്‍ 1 മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ വരുത്തിയ മാറ്റങ്ങള്‍ മോര്‍ട്ട്‌ഗേജുകള്‍ നല്‍കുന്ന നിരക്കില്‍ തന്നെ കുറവ് വരുത്തിയതായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഈ വര്‍ഷം ഏപ്രിലിനും, ജൂണിനും ഇടയില്‍ ബാങ്കുകള്‍ നല്‍കിയ പുതിയ മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തില്‍ കാല്‍ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ മാസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെ അനുവദിച്ച മോര്‍ട്ട്‌ഗേജുകളുടെ മൂല്യം 77.6 ബില്ല്യണ്‍ പൗണ്ടായിരുന്നുവെങ്കില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇത് 58.8 ബില്ല്യണ്‍ പൗണ്ടിലേക്കാണ് കുറഞ്ഞത്. 2024-ലെ ആദ്യ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ആദ്യമാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ മോര്‍ട്ട്‌ഗേജ് നല്‍കുന്നത് ചുരുങ്ങുന്നത്.
ഇതിനിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വരാനിരിക്കുന്ന ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് പൊളിച്ചെഴുതാന്‍ ഒരുങ്ങുന്നതായാണ് അഭ്യൂഹഹങ്ങള്‍. ഈ അനിശ്ചിതാവസ്ഥ ഇപ്പോള്‍ തന്നെ വിപണിയെ മന്ദീഭവിപ്പിക്കുകയാണെന്ന് പ്രോപ്പര്‍ട്ടി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. നവംബര്‍ അവസാന ഭാഗത്ത് വരുന്ന ബജറ്റ് വരെ ഈ സ്ഥിതി തുടരുമെന്നാണ് പ്രോപ്പര്‍ട്ടി വിദഗ്ധര്‍ പറയുന്നത്.
പലിശ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഇതില്‍ അത്ഭുതങ്ങള്‍ക്ക് സാധ്യതയില്ലെന്ന് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ മാറ്റം വരികയെന്നാണ് കരുതുന്നത്.