അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കാനുള്ള നീക്കം ' കൊല്ലാന്‍ ലൈസന്‍സ് നല്‍കുന്നത് പോലെയാണെന്ന്' ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി തെരേസ മേയ്. ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ എത്തിയപ്പോഴാണ് മേയ് ഈ അഭിപ്രായം തുറന്നടിച്ചത്.
ബില്‍ നിയമമായി മാറിയാല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കും, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്കും, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ജീവിതം അവസാനിപ്പിക്കാന്‍ സമ്മര്‍ദം നേരിടേണ്ടി വരുമെന്നതിനാലാണ് താന്‍ ഇതിനെ എതിര്‍ക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
അസിസ്റ്റഡ് ഡൈയിംഗ് നിയമമാകുന്നതോടെ ചിലരുടെ ജീവിതങ്ങള്‍ മറ്റു ചിലരുടേതിനെ അപേക്ഷിച്ച് വില കുറഞ്ഞതാണെന്ന നില വരുമെന്ന് തെരേസ മേയ് ചൂണ്ടിക്കാണിക്കുന്നു. തന്റെ ഒരു സുഹൃത്താണ് ഇതിനെ 'കൊല്ലാന്‍ ലൈസന്‍സ് നല്‍കുന്ന ബില്‍' എന്ന് വിശേഷിപ്പിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ മാസത്തിലാണ് ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ടിലും, വെയില്‍സിലും ഗുരുതര രോഗങ്ങള്‍ ബാധിച്ച മുതിര്‍ന്നവര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ സഹായം നല്‍കുന്ന ബില്ലിനെ എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇപ്പോള്‍ പിയേഴ്‌സ് ബില്‍ വിശദമായി ചര്‍ച്ച ചെയ്യുകയാണ്. ഇവര്‍ക്ക് ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും, ബില്‍ തള്ളാനും കഴിയും.