
















ചന്ദ്രാ കൊടുങ്കാറ്റ് സമ്മാനിച്ച അതിശക്തമായ മഴയ്ക്ക് പിന്നാലെ താപനില കുത്തനെ താഴ്ന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഐസ് നിറഞ്ഞ റോഡുകള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, ഹാംപ്ഷയര്‍, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഐസിനുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 9 വരെയാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നിലവിലുള്ളത്. ചില മേഖലകളില്‍ മൂടല്‍മഞ്ഞ് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജനുവരിയില്‍ ഉടനീളം ശക്തമായ മഴയും, മഞ്ഞും, കൊടുങ്കാറ്റുകളും അഭിമുഖീകരിച്ച ശേഷമാണ് ബ്രിട്ടന്‍ ഫെബ്രുവരിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 
ശക്തമായ മഴയും, താപനില താഴുന്നതും ചേരുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ ട്രീറ്റ് ചെയ്യാത്ത ഉപരിതലങ്ങളില്‍ ഐസ് പാച്ചുകള്‍ രൂപപ്പെടുമെന്ന് മെറ്റ് ഓഫീസ് വക്താവ് പറഞ്ഞു. വെയില്‍സിലും, സെന്‍ഡ്രല്‍ സതേണ്‍ ഇംഗ്ലണ്ടിനും മുകളിലുള്ള മേഘങ്ങള്‍ അനിശ്ചിതാവസ്ഥയിലാണ്, ഇത് താപനില താഴാനും, ഐസ് രൂപപ്പെടാനും സഹായിക്കുന്ന വിധത്തിലാണ്. മൂടല്‍മഞ്ഞ് അപകടസാധ്യതയും വര്‍ദ്ധിപ്പിക്കും, മെറ്റ് വക്താവ് വിശദീകരിക്കുന്നു. 
വെള്ളപ്പൊക്കവും നേരിടേണ്ടി വരുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ടില്‍ 58 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ പ്രാബല്യത്തിലുണ്ട്. സോമര്‍സെറ്റ്, ഡോര്‍സെറ്റ്, വില്‍റ്റ്ഷയര്‍ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചാണ് ഇത് കൂടുതലും. രാജ്യത്ത് 118 വെള്ളപ്പൊക്ക അലേര്‍ട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. സോമര്‍സെറ്റില്‍ കൂടുതല്‍ മഴ പെയ്യാന്‍ ഇടയുള്ളതിനാല്‍ വെള്ളപ്പൊക്കം നേരിടാനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണ്.