
















റോതെര്‍ഹാം: വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയും നമ്മുടെ സമ്പന്നമായ പൈതൃകവും സംസ്‌കാരവും കലകളും ചേര്‍ന്നൊരുക്കുന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഈ വര്‍ഷം യുക്മ ഷീ ലീഡ്‌സ് രൂപീകൃതമായത്. യുക്മ ഷീ ലീഡ്‌സ് നേതൃത്വം കൊടുക്കുന്ന സാംസ്‌കാരിക പരിപാടികളാണ് ഇക്കുറി യുക്മ കേരളപ്പൂരം 2026 വേദിയിലെത്തുന്നത്. ഷീ ലീഡ്സിന്റെ ആദ്യ പരിപാടിയെന്ന നിലയില്‍ വിവിധങ്ങളായ കലാരൂപങ്ങള്‍ക്കാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി, 2026 ഓഗസ്റ്റ് 15-ന് റോതര്‍ഹാമിലെ മാന്‍വേഴ്‌സ് ലേക്കില്‍ (Manvers Lake) നടക്കുന്ന യുക്മ കേരള പൂരം 2026-ന്റെ സാംസ്‌കാരിക പരിപാടികളില്‍ മെഗാ തിരുവാതിര, യുക്മ ഓണച്ചന്തം മലയാളി സുന്ദരി അതോടൊപ്പം തന്നെ പരിപാടിയിലെ മുഖ്യ ആകര്‍ഷണമായ കളേഴ്‌സ് ഓഫ് ഇന്ത്യ എന്നിവയാണ്.

ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍, ഇന്ത്യയുടെ വൈവിധ്യവും വര്‍ണ്ണാഭമായ കാഴ്ചകളും സാംസ്‌കാരിക സമൃദ്ധിയും വിളിച്ചോതുന്നതിനായി യുകെയിലുടനീളമുള്ള 80 പ്രതിഭാധനരായ കലാകാരന്മാര്‍ അശ്വതി രാഘവന്റെ നേതൃത്വത്തില്‍ ഒരൊറ്റ വേദിയില്‍ അണിനിരക്കുന്ന പരിപാടിയാണ് കളേഴ്‌സ് ഓഫ് ഇന്ത്യ. '80 കലാകാരന്മാര്‍, ഒരൊറ്റ വേദി, ഒരൊറ്റ രാജ്യം, ഇന്ത്യയുടെ ആഘോഷം' എന്ന ആശയത്തിലൂന്നിയാണ് കളേഴ്‌സ് ഓഫ് ഇന്ത്യയുടെ അവതരണം.

യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി റെയ്മോള്‍ നിധിരി, വൈസ് പ്രസിഡണ്ട് സ്മിത തോട്ടം, യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയണ്‍ പ്രസിഡന്റ് അമ്പിളി സെബാസ്റ്റിയന്‍ മാത്യൂസ് തുടങ്ങിയവര്‍ക്കാണ് യുക്മ ഷീ ലീഡ്സിന്റെ ചുമതല. ആദ്യ പരിപാടിയെന്ന നിലയില്‍ ഏറെ മുന്‍പ് തന്നെ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നതായി ഇവര്‍ പറയുന്നു. വിവിധ റീജിയനുകളില്‍ നിന്നായി അഞ്ഞൂറില്പരം കലാകാരന്മാരാണ് ഇക്കുറി കേരളപ്പൂരം വേദിയിലെത്തുന്നത്.
യുക്മ കേരളപ്പൂരം 2026 സാംസ്‌കാരിക പരിപാടികള്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
റെയ്മോള്‍ നിധീരി - +44 7789149473
സ്മിത തോട്ടം - +44 7450964670
അമ്പിളി സെബാസ്റ്റിയന്‍ മാത്യൂസ് - +447901063481
വേദി:
Manvers Lake, Rotherham, S63 7DG
തീയതി: 15 August 2026, Saturday
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)