CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 43 Minutes 40 Seconds Ago
Breaking Now

കലാവിസ്മയങ്ങളുടെ പകല്‍പ്പൂരത്തിന് വര്‍ണാഭമായ കൊടിയിറക്കം; യുക്മ ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലിവര്‍പൂളില്‍ ആവേശമായി

കലാകിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്..... റണ്ണര്‍ അപ്പ് സ്റ്റോക്ക്‌പോര്‍ട്ട്..... വിഗണ്‍ മൂന്നാമത് രോഹന്‍ റോബിന്‍ കലാപ്രതിഭ..... ആന്‍ ട്രീസ ജോബി കലാതിലകം

കലാവിസ്മയങ്ങളുടെ പകല്‍പ്പൂരത്തിന് വര്‍ണാഭമായ കൊടിയിറങ്ങി. യുക്മ ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലിവര്‍പൂളില്‍ ആവേശമായി

കലാകിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ നിലനിര്‍ത്തി. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്‌പോര്‍ട്ട് റണ്ണര്‍ അപ്പായി. മൂന്നാം സ്ഥാനം വിഗണ്‍ മലയാളി അസോസിയേഷനും, നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ നാലാമതുമെത്തി.

രോഹന്‍ റോബിന്‍ കലാപ്രതിഭ, ആന്‍ ട്രീസ ജോബി കലാതിലകം

ലിവര്‍പൂള്‍: കലയുടെ വര്‍ണവിസ്മയങ്ങളും പ്രതിഭകളുടെ ആവേശകരമായ മാറ്റുരയ്ക്കലും കൊണ്ട് ലിവര്‍പൂളിനെ ഒരു ദിവസം മുഴുവന്‍ കലയുടെ ഉത്സവഭൂമിയാക്കി മാറ്റിയ യുക്മ ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് വര്‍ണാഭമായ കൊടിയിറക്കം.

ഒക്ടോബര്‍ 3 ശനിയാഴ്ച ലിവര്‍പൂളിലെ ബ്രോട്ടന്‍ ഹാള്‍ കാത്തലിക് ഹൈസ്‌കൂള്‍ അങ്കണത്തില്‍ വിവിധ വേദികളിലായി നടന്ന കലാമേളയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളില്‍ നിന്നെത്തിയ അഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ തങ്ങളുടെ അവിസ്മരണീയ കലാപ്രകടനങ്ങളുമായി വേദികളെ കീഴടക്കി.

രാവിലെ എട്ടുമണിയോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതോടെ തന്നെ കലാമേളയുടെ ആവേശം വേദികളിലാകെ നിറഞ്ഞു. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി വിവിധ കലാവിഭാഗങ്ങളിലെ മത്സരങ്ങള്‍ ഒരേസമയം വ്യത്യസ്ത വേദികളിലായി അരങ്ങേറി. കിഡ്‌സ്, സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ പ്രായവിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്.

ഷീജോ വര്‍ഗ്ഗീസ് കലാമേള ഉദ്ഘാടനം ചെയ്തു.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ശ്രീ ഷാജി തോമസ് വരാക്കുടിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ നാഷണല്‍ ട്രഷറര്‍ ശ്രീ ഷീജോ വര്‍ഗ്ഗീസ് കലാമേള ഉദ്ഘാടനം ചെയ്തു.യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി ശ്രീ സനോജ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള യുക്മ നാഷണല്‍ കമ്മിറ്റി അംഗം ബിജു പീറ്റര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കലാമേള കോഓര്‍ഡിനേറ്റര്‍ ശ്രീ രാജീവ് സി. പി. നന്ദി അറിയിച്ചു.യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ഭാരവാഹികള്‍, വിവിധ അംഗ അസോസിയേഷനുകളുടെ പ്രതിനിധികള്‍, മത്സരാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, കലാസ്വാദകര്‍ തുടങ്ങി വലിയൊരു ജനസഞ്ചയമാണ് ഉദ്ഘാടന ചടങ്ങിനും തുടര്‍ന്നുള്ള മത്സരങ്ങള്‍ക്കും സാക്ഷിയായത്.

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബിജു പീറ്റര്‍, സെക്രട്ടറി സനോജ് വര്‍ഗ്ഗീസ്, ട്രഷറര്‍ ഷാരോണ്‍ ജോസഫ്, കലാമേള കോഓര്‍ഡിനേറ്റര്‍ രാജീവ് C P എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

195 പോയിന്റുമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് കലാകിരീടം.

 

ദിവസം മുഴുവന്‍ നീണ്ടുനിന്ന വാശിയേറിയ കലാമത്സരങ്ങള്‍ക്കൊടുവില്‍ 195 പോയിന്റ് നേടി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാകിരീടം സ്വന്തമാക്കി.

122 പോയിന്റുമായി മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്ക്‌പോട്ട് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, 65 പോയിന്റുമായി വിഗന്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 60 പോയിന്റുമായി നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ നാലാം സ്ഥാനത്തെത്തി.

വ്യക്തിഗത മികവിനുള്ള ഏറെ ശ്രദ്ധേയമായ കലാപ്രതിഭ പട്ടം വിഗന്‍ മലയാളി അസോസിയേഷനിലെ രോഹന്‍ റോബിന്‍ സ്വന്തമാക്കി. കലാതിലക പട്ടം വിഗന്‍ മലയാളി അസോസിയേഷനിലെ ആന്‍ ട്രീസ ജോബി കരസ്ഥമാക്കി.

ഭാഷ കേസരി പട്ടവും ആന്‍ ട്രീസ ജോബി സ്വന്തമാക്കിയപ്പോള്‍, കലാമേളയിലെ ശ്രദ്ധേയമായ നാട്യറാണി പട്ടം ബെറി മലയാളി കള്‍ച്ചറല്‍ അസോസിയേഷനിലെ നിമ്മി ചിന്നു തോമസ് കരസ്ഥമാക്കി.

വ്യക്തിഗത ചാമ്പ്യന്മാര്‍:

 

വിവിധ പ്രായവിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി വ്യക്തിഗത ചാമ്പ്യന്മാരായത്

കിഡ്‌സ്: ക്രിസ്റ്റല്‍ ജീവന്‍ - നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍

സബ്-ജൂനിയര്‍: എഥല്‍ റോസ് ബിനു - നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍

ജൂനിയര്‍: ആന്‍ ട്രീസ ജോബി - വിഗന്‍ മലയാളി അസോസിയേഷന്‍

സീനിയര്‍: നിമ്മി ചിന്നു തോമസ് - ബെറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍.

 

വേദികള്‍ നിറഞ്ഞ് കലാസ്വാദകര്‍.

 

ഓരോ മത്സരവേദിക്കു മുന്നിലും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ കാണികളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. നടനചാരുതയുടെ വിസ്മയങ്ങള്‍ തീര്‍ത്ത ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ശാസ്ത്രീയ നൃത്തയിനങ്ങള്‍ കാണികളുടെ മനം കവര്‍ന്നു. നാടന്‍പാട്ടിന്റെയും ലളിതഗാനത്തിന്റെയും മാധുര്യവും സാഹിത്യ മത്സരങ്ങളുടെ വൈവിധ്യവും ചേര്‍ന്നതോടെ കലാമേള അക്ഷരാര്‍ത്ഥത്തില്‍ ഒരു വലിയ കലാവിരുന്നായി മാറി.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വേദികളില്‍ കാഴ്ചവച്ച മികവുറ്റ പ്രകടനങ്ങള്‍ കാണികളുടെ ഹൃദയം കീഴടക്കി. പ്രത്യേകിച്ച് നൃത്തവേദികളില്‍ പതിവായി വനിതാ മത്സരാര്‍ത്ഥികളുടെ ശക്തമായ സാന്നിധ്യമാണ് ശ്രദ്ധേയമാകാറുള്ളതെങ്കില്‍, ഇത്തവണ സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ആദ്യമായി ഗ്രൂപ്പ് ഡാന്‍സുമായി വേദിയിലെത്തിയ പുരുഷ മത്സരാര്‍ത്ഥികള്‍ ആവേശകരമായ പ്രകടനത്തിലൂടെ കാണികളെ ത്രസിപ്പിച്ചത് കലാമേളയിലെ വേറിട്ട കാഴ്ചയായി. ഓരോ മത്സരവേദിയും മലയാളത്തിന്റെ ഭാഷയും കലയും സംസ്‌കാരവും പ്രവാസി പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതില്‍ യുക്മ കലാമേളകള്‍ വഹിക്കുന്ന വലിയ പങ്ക് വിളിച്ചോതുന്നതായിരുന്നു. മനസ്സിന്റെ ഇരുട്ടകറ്റി അന്തര്‍പ്രകാശം പകരാനുള്ള കലയുടെ അതുല്യമായ ശക്തിയെ ഓര്‍മ്മപ്പെടുത്തുന്ന സാംസ്‌കാരിക സംഗമമായി ലിവര്‍പൂള്‍ കലാമേള മാറി.

 

സമാപന സമ്മേളനത്തില്‍ പ്രമുഖരുടെ സാന്നിധ്യം.

 

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീ അലക്‌സ് വര്‍ഗ്ഗീസ് മുഖ്യാതിഥിയായിരുന്നു. യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, യുക്മ നാഷണല്‍ പിആര്‍ഒ ആന്‍ഡ് മീഡിയ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ ജാക്‌സണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു. തുടര്‍ന്ന് കലാകിരീടം, കലാപ്രതിഭ, കലാതിലകം, ഭാഷാകേസരി, നാട്യറാണി തുടങ്ങിയ പ്രധാന പുരസ്‌കാരങ്ങളും സമ്മാനിച്ചു.

വിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കുകയും കലാകിരീടം സമ്മാനിക്കുകയും ചെയ്തതോടെ രാവിലെ ആരംഭിച്ച കലാവിസ്മയങ്ങളുടെ പകല്‍പ്പൂരത്തിന് ആവേശകരമായ പരിസമാപ്തിയായി.

റീജിയണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, നാഷണല്‍ കമ്മിറ്റിയംഗം ബിജു പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ സനോജ് വര്‍ഗ്ഗീസ്, ഷാരോണ്‍ ജോസഫ്, രാജീവ് സി.പി, അഭിറാം, അശ്വതി ശ്രീനാഥ്, ജെറിന്‍ ജോസ്, ജോസഫ് മാത്യു, ബിനോയ് മാത്യു, ബിജോയ് തോമസ്, അനില്‍ ഹരി, ബിനു തോമസ്, ജനീഷ് കുരുവിള, സിജോ വര്‍ഗ്ഗീസ്, ജൂലിയസ് ജോസ്, ലിറ്റോ ടൈറ്റസ്, രാകേഷ് ജോര്‍ജ്ജ്, റീജിയണിലെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ കലാമേളയുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തി.

ദേശീയ കലാമേളയിലേക്ക് വിജയികള്‍

റീജിയണല്‍ തലത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കുമാണ് നവംബര്‍ 7-ന് ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.

ദേശീയ വേദിയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിന്റെ അഭിമാനമായി മാറാനുള്ള അവസരത്തിനായി മത്സരാര്‍ത്ഥികള്‍ നടത്തിയ ആവേശകരമായ പോരാട്ടവും ഇത്തവണത്തെ കലാമേളയുടെ പ്രധാന സവിശേഷതയായി.

2027 കലാമേള ഒക്ടോബര്‍ 9-ന്.

കലാമേളയുടെ സമാപനത്തോടനുബന്ധിച്ച് അടുത്ത വര്‍ഷത്തെ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ തീയതിയും പ്രഖ്യാപിച്ചു. 2027 ഒക്ടോബര്‍ 9-നാണ് അടുത്ത റീജിയണല്‍ കലാമേള നടക്കുക.

മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കലാസ്വാദകര്‍ക്കുമായി വിപുലമായ പാര്‍ക്കിംഗ് സൗകര്യവും വിവിധ വേദികളിലേക്കുള്ള സുഗമമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

അഞ്ഞൂറിലധികം മത്സരാര്‍ത്ഥികളുടെ പ്രതിഭാപ്രകടനങ്ങളും, കലാകിരീടത്തിനായുള്ള വാശിയേറിയ പോരാട്ടവും, വിവിധ വേദികളിലായി അരങ്ങേറിയ കലാവിസ്മയങ്ങളും ചേര്‍ന്ന് യുക്മ ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള 2026 ലിവര്‍പൂളിലെ മലയാളി സാംസ്‌കാരിക ചരിത്രത്തില്‍ മറ്റൊരു മനോഹര അധ്യായം കുറിച്ചുകൊണ്ട് തിരശീല വീണു.

 

 

 

അനില്‍ ഹരി

(പി ആര്‍ ഒ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍)

 




കൂടുതല്‍വാര്‍ത്തകള്‍.