
















ഇമെയിലുകളും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ശക്തമായ പാസ്‌വേര്‍ഡ് ഉപയോഗിച്ച് പൂട്ടിവെയ്ക്കണമെന്ന് പറയാറുണ്ടെങ്കിലും നമ്മള്‍ പലപ്പോഴും അതിലൊന്നും ശ്രദ്ധിക്കാറില്ല. ഈ അവസരം മുതലാക്കി ഇമെയിലും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്ത് നമ്മുടെ പേരുപറഞ്ഞ് തട്ടിപ്പ് നടത്തുന്ന കേസുകളുടെ എണ്ണത്തില്‍ 400% വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് യുകെയിലെ ഔദ്യോഗിക കണക്കുകള്‍.
ആളുകളുടെ അക്കൗണ്ടുകളില്‍ ഹാക്ക് ചെയ്ത് കയറുന്ന തട്ടിപ്പുകാര്‍ ആ വ്യക്തിയുടെ ഐഡന്‍ഡിറ്റി ഉപയോഗിച്ച് ഇല്ലാത്ത പരിപാടികളുടെ ടിക്കറ്റ് വില്‍പ്പന വരെ നടത്തുന്നതായാണ് വിവരം. ഇതിന് ഇരയാകുന്നത് ഇതേക്കുറിച്ച് സംശയിക്കാത്ത സുഹൃത്തുക്കളും, കുടുംബാംഗങ്ങളുമാകും.
2025-26 സാമ്പത്തിക വര്‍ഷം ഇമെയിലും, സോഷ്യല്‍ മീഡിയ അക്കൗണ്ടും ഹാക്ക് ചെയ്തത് വഴി മോഷ്ടിക്കപ്പെട്ട തുക 6.3 മില്ല്യണ്‍ പൗണ്ടിലേക്ക് എത്തി. 2024-25 വര്‍ഷത്തില്‍ 1.2 മില്ല്യണില്‍ നിന്ന തുകയാണ് കുതിച്ചുയര്‍ന്നതെന്ന് സിറ്റി ഓഫ് ലണ്ടന്‍ പോലീസ് നടത്തിയ റിപ്പോര്‍ട്ട് ഫ്രോഡ് സര്‍വ്വീസ് പറഞ്ഞു.
അതേസമയം നഷ്ടപ്പെടുന്ന തുക ചെറുതാണെന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരും, നാണക്കേട് കൊണ്ട് പുറത്ത് പറയാത്തവരും നിരവധിയുണ്ട്. അതുകൊണ്ട് തന്നെ കുറ്റകൃത്യത്തിന്റെ യഥാര്‍ത്ഥ തോത് ഇതിലേറെയാണ്. ഇതിന് പുറമെ വാട്‌സ്ആപ്പ് വഴിയും, ടെക്സ്റ്റ് സന്ദേശങ്ങളുമായും തട്ടിപ്പ് സന്ദേശങ്ങള്‍ അയച്ച് അടിയന്തര സാഹചര്യമെന്ന് ബോധ്യപ്പെടുത്തി പണം തേടുന്ന സംഭവങ്ങളും പുറത്തുവരുന്നുണ്ട്.