കുഞ്ഞുങ്ങളുടെ മുറിയില്‍ പാവക്കുട്ടികളും, കളിപ്പാട്ടങ്ങളും നിറച്ച് സന്തോഷിപ്പിക്കുന്നത് പൊതുവെയുള്ള കാര്യമാണ്. എന്നാല്‍ ചെറിയ കുഞ്ഞുങ്ങളുടെ ജീവനെടുക്കാന്‍ ഈ കളിപ്പാട്ടങ്ങള്‍ക്ക് സാധിക്കുമെന്ന് ഏതെങ്കിലും മാതാപിതാക്കള്‍ സ്വപ്‌നത്തില്‍ പോലും കരുതുമോ? ഒരു ഭീമന്‍ ടെഡി ബെയറാണ് ഈ പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് അരികില്‍ സൂക്ഷിച്ചിരുന്ന പാവ വന്നുവീണാണ് ദുരന്തം. 18 മാസം പ്രായമുള്ള കുഞ്ഞ് കോണി റോസിന്റെ അനക്കമറ്റ ശരീരമാണ് അമ്മ ഡെക്‌സി ലെയ് വാല്‍ഷ് കണ്ടെത്തുന്നത്.
കുഞ്ഞിന്റെ ദേഹത്തായിരുന്നു ടെഡി ബെയര്‍ സ്ഥാനം പിടിച്ചത്. കട്ടിലിനും, ചുമരിനും ഇടയിലുള്ള ചെറിയ വിടവ് സോഫ്റ്റ് ടോയ്‌സ് ഉപയോഗിച്ച് അടച്ചുവെച്ചിരുന്നു. കുഞ്ഞ് ഇതുവഴി വീണ് പരുക്കേല്‍ക്കാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് 23-കാരിയായ അമ്മ പറയുന്നു. എന്നാല്‍ അഞ്ച് വയസ്സുള്ള സഹോദരി ഡയോറിനൊപ്പം പങ്കുവെച്ചിരുന്ന കിടപ്പുറിയില്‍ എത്തുമ്പോള്‍ 3 അടി ഉയരമുള്ള ഭീമന്‍ ടെഡിക്ക് കീഴിലായിരുന്നു റോസി. കുഞ്ഞ് ശ്വാസമെടുക്കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. മാര്‍ച്ച് 6നായിരുന്നു സംഭവങ്ങള്‍.
കുട്ടികളെ ഉറക്കത്തില്‍ നിന്നുണര്‍ത്താനായി എത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന വസ്തുത ഡെക്‌സി ശ്രദ്ധിച്ചത്. 'അതൊരു സാധാരണ ദിവസമായിരുന്നു. ഡയോറിനെ സ്‌കൂളില്‍ വിടാനായി ഒരുക്കാനായി ഉണര്‍ത്താന്‍ എത്തിയപ്പോഴാണ് കുഞ്ഞ് റോസിയുടെ കാലുകള്‍ മാത്രം ടെഡിക്ക് കീഴില്‍ നിന്നും പുറത്ത് കിടക്കുന്നത് ശ്രദ്ധിച്ചത്. കുഞ്ഞ് ശ്വാസം എടുക്കുന്നുണ്ടായില്ല. ഉടന്‍ സിപിആര്‍ നല്‍കി, ആരോ ആംബുലന്‍സ് വിളിച്ചു. പാരാമെഡിക്കുകള്‍ സ്ഥലത്തെത്തി പരിശ്രമിച്ചെങ്കിലും സമയം വൈകിയിരുന്നു, മകള്‍ യാത്രയായിരുന്നു', ഡെക്‌സി പറഞ്ഞു.
കുഞ്ഞ് താഴെ വീഴാതിരിക്കാന്‍ ചെയ്തുവെച്ച ബുദ്ധി അവളുടെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് ഈ അമ്മ. ഇപ്പോള്‍ ഇത്തരം പാവക്കുട്ടികളെ കട്ടിലിന് അരികില്‍ വെയ്ക്കുന്നതിന്റെ ദുരന്തം മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡെക്‌സി.