ഇംഗ്ലണ്ടിലെ ദരിദ്ര മേഖലകള്‍ക്ക് അധിക ഫണ്ടിംഗ് ലഭ്യമാക്കി ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ പദ്ധതി. ഗവണ്‍മെന്റിന്റെ പുതിയ പദ്ധതികള്‍ പ്രകാരം ഈ മേഖലകളില്‍ നിലനില്‍ക്കുന്ന പരിചരണത്തിലെയും, ആരോഗ്യ സ്ഥിതിയിലെയും അസമത്വം ഒഴിവാക്കുകയാണ് ലക്ഷ്യം.
ദരിദ്ര മേഖലകളിലും, തീരപ്രദേശങ്ങളിലുമുള്ള എന്‍എച്ച്എസ് സേവനങ്ങള്‍ മെച്ചപ്പെടുത്താനായി 2.2 ബില്ല്യണ്‍ പൗണ്ട് ഉത്തേജനമാണ് ഈ വര്‍ഷം ലഭ്യമാക്കുക. ഇതുവഴി കൂടുതല്‍ ജീവനക്കാരെയും, ഉപകരണങ്ങളും എത്തിച്ച് നല്ല രീതിയില്‍ ജീവിക്കുന്നവരും, സാധാരണക്കാരും തമ്മില്‍ നിലനില്‍ക്കുന്ന വ്യത്യാസം കുറയ്ക്കുകയാണ് ഉദ്ദേശം.
ഹെല്‍ത്ത് സെക്രട്ടി വെസ് സ്ട്രീറ്റിംഗ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. എല്ലാ രോഗികള്‍ക്കും ഒരേ തരത്തിലുള്ള ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതി. ഉയര്‍ന്ന തോതില്‍ രോഗങ്ങള്‍ ഉള്ള മേഖലകളില്‍ ജിപിമാരുടെ എണ്ണം കുറവാണെന്നതും, വെയ്റ്റിംഗ് പിരീഡ് കൂടുതലാണെന്നതും, എന്‍എച്ച്എസ് സേവനങ്ങള്‍ മോശമാണെന്നും ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിക്കും.
എന്‍എച്ച്എസില്‍ ഫണ്ടിംഗ് ചെയ്യുന്നതില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ക്ക് മുന്നോടിയാണ് ഈ നീക്കം. എന്‍എച്ച്എസ് രൂപീകരിക്കാനുള്ള മൂല്യങ്ങള്‍ മറന്നുള്ള പോക്ക് തിരുത്തുകയാണ് ഗവണ്‍മെന്റ് ലക്ഷ്യം.