CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 5 Seconds Ago
Breaking Now

വിസ കാലാവധി കഴിഞ്ഞ് യുകെയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ഒരു മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് യുകെ ഗവണ്‍മെന്റ്; ഇളവ് കൊറോണാ പ്രതിസന്ധി പരിഗണിച്ച്; പരിധി ദീര്‍ഘിപ്പിക്കുന്നത് മൂന്നാം തവണ; ആഗസ്റ്റിന് ശേഷവും താമസിക്കാന്‍ താല്‍പര്യമുള്ളവര്‍ ഇപ്പോള്‍ അപേക്ഷിക്കണം

വിമാനങ്ങളുടെ റദ്ദാക്കലും, ബോര്‍ഡര്‍ നിയമങ്ങളും മൂലം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ യുകെയിലുള്ളത്

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ പൗരന്‍മാരുടെ വിസ കാലാവധി തീരുന്നതിന് അടുക്കുകയോ, കാലാവധി തീരുകയോ ചെയ്തവര്‍ക്ക് ഒരു മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് യുകെ ഗവണ്‍മെന്റ്. കൊറോണാവൈറസ് മഹാമാരി മൂലം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് പുതിയ ഗൈഡന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. 

ആദ്യ ഘട്ടത്തില്‍ മെയ് 31 വരെ ദീര്‍ഘിപ്പിച്ച ഇളവ് പിന്നീട് ജൂലൈ 31-ലേക്കും, ഇപ്പോള്‍ ആഗസ്റ്റ് 31-ലേക്കുമാണ് നീട്ടിയിരിക്കുന്നത്. ജനുവരി 24ന് ശേഷം യുകെയില്‍ താമസിക്കാനുള്ള കാലയളവ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ഇളവ് അനുഗ്രഹമാകും. യാത്രാ തടസ്സങ്ങളും, സെല്‍ഫ് ഐസൊലേഷനും മൂലം യാത്ര മുടങ്ങി കിടക്കുന്നവര്‍ക്കും ഈ ഇളവ് ഗുണം ചെയ്യും. 

ആഗോള യാത്രാ വിലക്കുകള്‍ ഉയര്‍ത്തിവരുന്ന സമയത്ത് ഈ ഇളവ് താല്‍ക്കാലികമാണ്, നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ക്കായി ആഗസ്റ്റ് 31 വരെ സമയം അനുവദിക്കുകയാണ് ഉദ്ദേശം, യുകെ ഹോം ഓഫീസ് വക്താവ് പറഞ്ഞു. മഹാമാരി മൂലം കുഴപ്പത്തിലായവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഇമിഗ്രേഷന്‍ സിസ്റ്റം വഴി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജനുവരി 24, 2020 മുതല്‍ ജൂലൈ 31, 2020 വരെയുള്ള സമയത്ത് കാലാവധി തീര്‍ന്ന 40,000-ലേറെ പേര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്, വക്താവ് അറിയിച്ചു. 

യുകെയില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ ഗ്രേസ് പിരീഡ് സമയത്ത് തന്നെ വിസ സ്വിച്ചിംഗ് റൂള്‍ പ്രകാരം അപേക്ഷ സമര്‍പ്പിക്കണമെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. യുകെയില്‍ ദീര്‍ഘകാലം തുടരാന്‍ താല്‍പര്യമുള്ളവര്‍ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണം. കൊറോണ കാലത്ത് ആളുകള്‍ക്ക് സമാധാനം നല്‍കാനാണ് വിസ കാലാവധി നീട്ടി നല്‍കുന്നതെന്ന് യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

വിമാനങ്ങളുടെ റദ്ദാക്കലും, ബോര്‍ഡര്‍ നിയമങ്ങളും മൂലം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ യുകെയിലുള്ളത്. ഇന്ത്യക്കാരെ സ്വദേശങ്ങളിലേക്ക് എത്തിക്കാനുള്ള വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടം അടുത്ത ആഴ്ച നടക്കാന്‍ ഇരിക്കവെയാണ് പുതിയ ഗ്രേസ് പിരീഡ് എക്സ്റ്റന്‍ഷന്‍. 




കൂടുതല്‍വാര്‍ത്തകള്‍.