CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 18 Minutes 9 Seconds Ago
Breaking Now

ക്രിസ്മസിന് എന്തെല്ലാം പ്രതീക്ഷകളായിരുന്നു, എല്ലാം പൊളിയുന്ന ലക്ഷണമാണ്! യാത്രാവിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് നീട്ടാന്‍ ബോറിസ്; പുതിയ സൂപ്പര്‍ വേരിയന്റ് 'ഒമിക്രോണിനെ' അത്രയൊന്നും പേടിക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍; രണ്ട് വര്‍ഷത്തെ പോരാട്ടം വെറുതെയാകില്ല; ബ്രിട്ടീഷുകാരുടെ ഹോളിഡേകളും, മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലേക്ക്!

വേരിയന്റ് ചെറിയ തോതില്‍ മാത്രമാണ് വ്യാപിച്ചിട്ടുള്ളതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി

സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വേരിയന്റ് ലോകത്ത് ആശങ്ക പരത്തുമ്പോള്‍ പ്രതിരോധ നടപടികള്‍ക്ക് ബ്രിട്ടന്‍ തുടക്കമിട്ട് കഴിഞ്ഞു. സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് അതിവേഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ യാത്രാവിലക്ക് ക്രിസ്മസ് എത്തുമ്പോഴേക്കും കൂടുതല്‍ രാജ്യങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സൂപ്പര്‍ വേരിയന്റിനെ ഭയന്ന് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്കാനാണ് ബോറിസ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്. 

യാത്രാ വിലക്കുകള്‍ ബ്രിട്ടീഷുകാരുടെ ഹോളിഡേ പ്ലാനുകളെ തകിടം മറിക്കുമെങ്കിലും ക്രിസ്മസ് സീസണില്‍ കോവിഡ് വിലക്കുകള്‍ നടപ്പാക്കുന്നത് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. യാത്രാ വിലക്കുകള്‍ ഉപയോഗിച്ച് പുതിയ വേരിയന്റിനെ ബ്രിട്ടീഷ് തീരത്ത് എത്താതെ തടയാന്‍ കഴിയില്ലെന്ന് ഇമ്മ്യൂണോളജിസ്റ്റും, സര്‍ക്കാരിന്റെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് അംഗവുമായ സര്‍ ജോണ്‍ ബെല്‍ പറഞ്ഞു. എന്നിരുന്നാലും വര്‍ദ്ധിക്കാന്‍ ഇടയുള്ള കേസുകള്‍ ആഘോഷ സീസണിന് അപ്പുറത്തേക്ക് കടത്തി എന്‍എച്ച്എസിനെ സമ്മര്‍ദത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

അതേസമയം കൊവിഡ് സൂപ്പര്‍ വേരിയന്റ് ഒമിക്രോണ്‍ യുകെയെ 'ഒന്നിലേക്ക്' മടക്കിയെത്തിക്കുമെന്ന് കരുതാന്‍ കാരണങ്ങളില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ശാന്തമായ ചിന്തകളോടെ സമാധാനമായി ഇരിക്കാനാണ് അവരുടെ ആഹ്വാനം. വേരിയന്റ് ചെറിയ തോതില്‍ മാത്രമാണ് വ്യാപിച്ചിട്ടുള്ളതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു. അതുകൊണ്ട് ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകള്‍ അഭ്യൂഹങ്ങളാകാം. കൂടാതെ കൊറോണാവൈറസ് വിലക്കുകള്‍ തിരിച്ചെത്തിച്ചാല്‍ പൊതുജനങ്ങള്‍ സ്വീകരിക്കുമോയെന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. 

ആഗോള തലത്തില്‍ പുതിയ വേരിയന്റ് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വാക്‌സിനുകള്‍ ബ്രിട്ടനെ ശക്തമായ നിലയില്‍ നിര്‍ത്തുന്നുവെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എംപിമാരോട് വ്യക്തമാക്കിയത്. നിലവിലെ വാക്‌സിനുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വേരിയന്റിനെ നേരിടാനും കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോമും, വാക്‌സിന്‍ പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ പ്ലാന്‍ ബി നടപടികള്‍ തിരിച്ചെത്തിക്കുന്നത് അമിത പ്രതികരണമാകുമെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധിയും ചൂണ്ടിക്കാണിച്ചു. 

പുതിയ വേരിയന്റ് പ്രത്യക്ഷപ്പെട്ട വാര്‍ത്ത പരന്നതോടെ ലോകത്തെ ഓഹരി വിപണികള്‍ പ്രത്യാഘാതം ഏറ്റുവാങ്ങി. യുകെയിലെ മുന്‍നിര ഷെയര്‍ ഇന്‍ഡക്‌സായ എഫ്ടിഎസ്ഇ 100 ജനുവരിക്ക് ശേഷം ആദ്യമായി കൂപ്പുകുത്തി. 3.7 ശതമാനത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിന്റര്‍ ബുക്കിംഗ് പ്രതീക്ഷിച്ചിരിക്കുന്ന ട്രാവല്‍ കമ്പനികള്‍ക്ക് വാര്‍ത്ത ഇടിത്തീയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.