പത്ത് മില്ല്യണിലേറെ വരുന്ന പ്രായമായ ആളുകള്‍ക്ക് നല്‍കിവന്നിരുന്ന വിന്റര്‍ ഫ്യൂവല്‍ അലവന്‍സ് റദ്ദാക്കി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. വര്‍ഷത്തില്‍ 300 പൗണ്ട് വരെയുള്ള പേയ്‌മെന്റുകള്‍ നല്‍കുന്നതിന് പരിധി നിശ്ചയിച്ചതോടെ പ്രതിമാസം 1000 പൗണ്ട് വരെ കുറഞ്ഞ വരുമാനമുള്ള പെന്‍ഷന്‍കാര്‍ക്കും ഇത് നല്‍കേണ്ടെന്നാണ് റീവ്‌സിന്റെ പ്രഖ്യാപനം.
മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് വരുത്തിവെച്ച 22 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് പരിഹരിക്കാന്‍ ഈ നീക്കം ആവശ്യമായി വരികയായിരുന്നുവെന്ന് റീവ്‌സ് അവകാശപ്പെട്ടു. ഒക്ടോബര്‍ 30ന് നടത്തുന്ന ആദ്യ ബജറ്റ് പ്രഖ്യാപനത്തിലും കൂടുതല്‍ വേദനിപ്പിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കി. ചെലവഴിക്കല്‍, വെല്‍ഫെയര്‍, ടാക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് റീവ്‌സ് സംശയങ്ങള്‍ക്ക് അതീതമായി വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥ കുഴപ്പത്തിലാണെന്ന് പറയുമ്പോഴും പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള പണപ്പെരുപ്പത്തെ മറികടക്കുന്ന ശമ്പളവര്‍ദ്ധനവുമായി റീവ്‌സ് മുന്നോട്ട് പോകുകയാണ്. ഇതിന് 10 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തില്‍ 22 ശതമാനം വര്‍ദ്ധനവിനും പണം അനുവദിക്കുന്നുണ്ട്.
എന്നാല്‍ റേച്ചല്‍ റീവ്‌സ് സമ്പദ് വ്യവസ്ഥയെ മോശമാക്കി കാണിച്ച് നുണ പറയുകയാണെന്ന് മുന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തിരിച്ചടിച്ചു. ചെലവഴിക്കല്‍ കുറവ് വെറും സാങ്കല്‍പ്പികമാണെന്നും അദ്ദേഹം പറയുന്നു. നികുതി വര്‍ദ്ധനയ്ക്കുള്ള അടിസ്ഥാനം പാകുകയാണ് റീവ്‌സ് ചെയ്യുന്നതെന്നും ഹണ്ട് ആരോപിച്ചു.