അനധികൃത കുടിയേറ്റം എങ്ങനെ കൈകാര്യം ചെയ്യാമെന്ന ചോദ്യത്തിന് ലേബര്‍ ഗവണ്‍മെന്റിന്റെ ഉത്തരം എത്രത്തോളം കൃത്യമാണെന്ന സംശയത്തിന്റെ ആഴം ഇപ്പോള്‍ വര്‍ദ്ധിച്ച് വരികയാണ്. അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ ടോറി ഗവണ്‍മെന്റിന്റെ റുവാന്‍ഡ പ്ലാന്‍ റദ്ദാക്കാന്‍ കാണിച്ച ആവേശമൊന്നും പുതിയ സ്‌കീം നടപ്പാക്കാന്‍ ലേബര്‍ പ്രകടിപ്പിച്ചില്ല. ഒടുവില്‍ ജനരോഷം തങ്ങള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ മാത്രമാണ് സ്റ്റാര്‍മറും സംഘവും പദ്ധതിയുമായി രംഗത്ത് വന്നത്.
എന്നാല്‍ ഇതില്‍ പ്രധാനമായ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള സ്‌കീം തുടക്കത്തില്‍ തന്നെ പാളിയിരിക്കുകയാണ്. ഫ്രാന്‍സിലേക്കുള്ള നാടുകടത്തല്‍ വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കവെ ഉപേക്ഷിക്കേണ്ടി വന്നു. ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനാണ് നടപടിയെടുത്തത്.
കഴിഞ്ഞ മാസം ചാനല്‍ കടന്നെത്തിയ ഒരു കുടിയേറ്റക്കാരന് വേണ്ടി കോടതിയെ സമീപിച്ച അഭിഭാഷകരാണ് സ്‌കീമിന് പാരപണിതത്. എയര്‍ ഫ്രാന്‍സ് സര്‍വ്വീസിലേക്ക് നാടുകടത്തേണ്ടവരെ എത്തിക്കുന്നതിന് തൊട്ടുമുന്‍പാണ് നിയമപരമായ വെല്ലുവിളി നേരിട്ടത്.
സ്റ്റാര്‍മറുടെ നാടുകടത്തല്‍ സ്‌കീം നടപ്പാകാന്‍ പോകുന്നില്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആദ്യ വിമാനം ഉടന്‍ പറക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് കോമണ്‍സില്‍ വാദിച്ചു.