ബ്രിട്ടനില്‍ ഭവനമേഖല നേരിടുന്ന പ്രതിസന്ധി ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നുവെന്നത് മാത്രമല്ല, ഇതിന് അനുസരിച്ച് ആവശ്യമായ തോതില്‍ വീടുകള്‍ നിര്‍മ്മിക്കപ്പെടുന്നില്ല എന്നത് കൂടിയാണ്. പുതിയ വീടുകള്‍ നിര്‍മ്മിക്കാത്ത അവസ്ഥയില്‍ നിലവില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ വില ഉയര്‍ന്ന് തന്നെ നില്‍ക്കും. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ ബ്രിട്ടന് പ്രധാന തലവേദന കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷാമമാണ്.
ഭവനനിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതില്‍ സ്വദേശികളായ നിര്‍മ്മാണ തൊഴിലാളികളുടെ പ്രവര്‍ത്തനം സുപ്രധാനമാണെന്നാണ് ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് വ്യക്തമാക്കുന്നത്. ആവശ്യത്തിന് സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ ഇല്ലാത്തതാണ് നിര്‍മ്മാണ മേഖലയെ പിന്നോട്ട് വലിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ മേഖലയ്ക്ക് ആവശ്യമുള്ള ജോലിക്കാരെ കുടിയേറ്റത്തിലൂടെ കണ്ടെത്തുന്നതിന് പകരം സ്വദേശത്ത് നിന്നുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
കല്‍പ്പണിക്കുള്ള അപ്രന്റീസ്ഷിപ്പ് നടത്തിയെങ്കില്‍ മാത്രമാണ് 2029-നകം 1.5 മില്ല്യണ്‍ ഭവനങ്ങള്‍ നിര്‍മ്മിക്കാനുള്ള ലേബര്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പരിശീലനനുിം, അപ്രന്റീസ്ഷിപ്പ് എന്നിവ വഴി ഒഴിവുകളില്‍ നമ്മുടെ നാട്ടിലുള്ളവര്‍ കയറണമെന്നത് പ്രധാനമാണ്. വിദേശ ജോലിക്കാരെ ഇതിനായി ആശ്രയിക്കാന്‍ കഴിയില്ല, പെന്നികുക്ക് ടൈംസ് റേഡിയോയില്‍ പറഞ്ഞു.
കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ട്രെയിനിംഗ് ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 2028-നകം ബ്രിട്ടന് 250,000 ജോലിക്കാരെ ഈ മേഖലയിലേക്ക് ആവശ്യം വരും. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച ആറ് നാഴികക്കല്ലുകളില്‍ ഒന്നാണ് വര്‍ഷത്തില്‍ 300,000 ഭവനങ്ങള്‍ നിര്‍മ്മിക്കുകയെന്നത്.