മേയ് 1 തൊഴിലാളി ദിനമാണ്. ഈ ദിവസം ബ്രിട്ടനില്‍ ഒരു വിഭാഗം ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. അവരുടെ പ്രാദേശിക ഭരണത്തിലേക്ക് നേതാക്കന്‍മാരെ തെരഞ്ഞെടുക്കാനുള്ള ദിവസമാണ് ഇത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം നോക്കുകുത്തികളായി ഇരിക്കേണ്ടി വരുന്ന വോട്ടര്‍മാര്‍ അങ്ങനെ നോക്കുമ്പോള്‍ ആകെ ജോലി ചെയ്യേണ്ടി വരുന്ന ദിവസം വോട്ട് കുത്തുന്ന ദിനം മാത്രമാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ തൊഴിലാളി ദിനം തന്നെയാണ് 'ആ ജോലി' ചെയ്യാന്‍ പറ്റിയ ദിവസം!
ഇംഗ്ലണ്ടിലെ 24 കൗണ്‍സിലുകളിലേക്കും, ആറ് മേയറല്‍ അതോറിറ്റികളിലേക്കുമാണ് ഇന്ന് ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. ഇതോടൊപ്പം ചെഷയറിലെ റണ്‍കോണ്‍ & ഹെല്‍സ്ബി ഉപതെരഞ്ഞെടുപ്പും ഇന്ന് നടത്തും. രാവിലെ 7 മുതല്‍ രാത്രി 10 വരെ വ്യാഴാഴ്ച പോളിംഗ് സ്‌റ്റേഷനുകള്‍ തുറന്ന് കിടക്കും. രാത്രിയിലും, വെള്ളിയാഴ്ചയുമായി ഫലങ്ങള്‍ അറിയാം.
കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ ഏകപക്ഷീയ വിജയം കൊയ്ത ശേഷം നടത്തുന്ന പ്രധാനപ്പെട്ട വോട്ടെടുപ്പാണ് ഇത്. 14 കൗണ്ടി കൗണ്‍സിലുകളിലും, എട്ട് യൂണിറ്ററി അതോറിറ്റികളിലും, ഒരു മെട്രോപൊളിറ്റന്‍ ഡിസ്ട്രിക്ടിലസും, ഐല്‍സ് ഓഫ് സിസിലിയിലുമുള്ള 1650 സീറ്റുകളിലാണ് മത്സരം.
വെസ്റ്റ് ഓഫ് ഇംഗ്ലണ്ട്, കേംബ്രിഡ്ജ്ഷയര്‍ & പീറ്റര്‍ബറോ, ഡോങ്കാസ്റ്റര്‍, നോര്‍ത്ത് ടൈന്‍സൈഡ് എന്നിവിടങ്ങള്‍ക്ക് പുറമെ ഹള്‍ & ഈസ്റ്റ് യോര്‍ക്ക്ഷയര്‍, ഗ്രേറ്റര്‍ ലിങ്കണ്‍ഷയര്‍ എന്നിങ്ങനെ ആറ് മേയര്‍ തെരഞ്ഞെടുപ്പുകളിലും വോട്ടര്‍മാര്‍ തീരുമാനം കൈക്കൊള്ളും.
ഗ്ലോസ്റ്റര്‍ഷയര്‍, ലെസ്റ്റര്‍ഷയര്‍, കേംബ്രിഡ്ജ്ഷയര്‍, ഡെര്‍ബിഷയര്‍, ഡിവോണ്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, കെന്റ്, ലങ്കാഷയര്‍, ലിങ്കണ്‍ഷയര്‍, നോട്ടിംഗ്ഹാംഷയര്‍, ഓക്‌സ്‌ഫോര്‍ഡ്ഷയര്‍, സ്റ്റഫോര്‍ഡ്ഷയര്‍, വാര്‍വിക്ക്ഷയര്‍, വോസ്റ്റര്‍ഷയര്‍ എന്നിങ്ങനെ നേഖലയിലെ കൗണ്ടി കൗണ്‍സിലുകളിലാണ് തെരഞ്ഞെടുപ്പ്.
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ ഫോട്ടോ ഐഡി കൂടി കൈയില്‍ എടുക്കാന്‍ മറക്കരുത്. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ 20-ലേറെ ഐഡികള്‍ രേഖയായി സ്വീകരിക്കും.