പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ അഭയാര്‍ത്ഥി സംരക്ഷകരായി വേഷമണിഞ്ഞ ലേബറിന് ഭരണപക്ഷത്ത് ഇരിക്കുമ്പോള്‍ ഇതേ വിഷയം തിരിച്ചുകൊത്തുന്ന അവസ്ഥ നേരിടുന്നു. കണ്‍സര്‍വേറ്റീവുകള്‍ അഭയാര്‍ത്ഥികളെ ചുരുക്കാന്‍ നടപടിയെടുക്കുമ്പോള്‍ മനുഷ്യാവകാശത്തിന്റെ പേരുപറഞ്ഞ ലേബറിന് ഇപ്പോള്‍ അതേ നാണയത്തിലാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഇടത് അഭിഭാഷകരുടെ ഭാഗത്ത് നിന്ന് തന്നെ കുത്ത് കിട്ടിയതോടെ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് രോഷം മറച്ചുവെച്ചില്ല. കൊട്ടിഘോഷിച്ച 'ഒരാള്‍ അകത്ത് ഒരാള്‍ പുറത്ത് സ്‌കീം' നടപ്പിലാക്കാന്‍ കഴിയാതെ അവസാന നിമിഷം നിയമപരമായ വെല്ലുവിളികള്‍ പാരയായതോടെ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മഹ്മൂദ് രംഗത്ത് വന്നിരിക്കുന്നത്.
കുടിയേറ്റക്കാര്‍ നമ്മുടെ നിയമങ്ങളെ പരിഹസിക്കുകയാണെന്ന് ഹോം സെക്രട്ടറി ആരോപിച്ചു. നാടുകടത്താന്‍ ശ്രമിക്കുമ്പോള്‍ ആധുനിക അടിമത്തത്തിന്റെ ഇരകളാണ് തങ്ങളെന്നാണ് അനധികൃത കുടിയേറ്റക്കാര്‍ വാദിക്കുന്നത്. നാടുകടത്തല്‍ നടപടികള്‍ വരുമ്പോള്‍ ഏതെല്ലാം തരത്തിലാണ് ഇതിനെ തടയാന്‍ നിയമങ്ങള്‍ ഉപയോഗിക്കുന്നതെന്നതിന്റെ കുറ്റസമ്മതമാണ് ലേബര്‍ മന്ത്രി നടത്തിയിരിക്കുന്നത്.
ഫ്രാന്‍സുമായുള്ള നാടുകടത്തല്‍ കരാര്‍ എങ്ങുമെത്താന്‍ പോകുന്നില്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ലേബര്‍ ഇത് പരിഗണിച്ചിരുന്നില്ല. മനുഷ്യാവകാശങ്ങളും, ആധുനിക അടിമത്ത നിയമങ്ങളും ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാര്‍ പുറത്താക്കലിനെ തടയുമെന്ന് മുന്നറിയിപ്പ് ലഭിച്ചപ്പോഴും ലേബര്‍ ഇതിനായി ഒരുങ്ങിയില്ല. ഇത്തരം പരിപാടികള്‍ക്കെതിരെ പൊരുതുമെന്ന് ഹോം സെക്രട്ടറി പ്രഖ്യാപിച്ചിട്ടുണ്ട്.