
















സ്വന്തം ഭാര്യയെ ബലാത്സംഗത്തിന് ഇരയാക്കുക. അതും പോരാഞ്ഞ് മറ്റ് പുരുഷന്‍മാര്‍ക്ക് പീഡിപ്പിക്കാനായി വിട്ടുനല്‍കുക. മൃഗങ്ങള്‍ പോലും തോറ്റ് പോകുന്ന ക്രൂരതയാണ് 49-കാരന്‍ ഫിലിപ്പ് യംഗ് സ്വന്തം ഭാര്യക്ക് നേരെ കാഴ്ചവെച്ചത്. ഇയാള്‍ക്ക് പുറമെ മറ്റ് അഞ്ച് പുരുഷന്‍മാര്‍ക്ക് എതിരായി 13 വര്‍ഷം നീണ്ട അക്രമങ്ങളുടെ പേരില്‍ ലൈംഗിക കുറ്റകൃത്യങ്ങളാണ് ചുമത്തിയത്.
ബലാത്സംഗം മുതല്‍ കുട്ടികളുടെയും, ലൈംഗിക പീഡനങ്ങളുടെയും ദൃശ്യങ്ങള്‍ കൈവശം വെച്ചത് വരെയുള്ള 56 കുറ്റകൃത്യങ്ങളാണ് ഭര്‍ത്താവ് ഫിലിപ്പ് യംഗിന് എതിരായി ആരോപിക്കപ്പെടുന്നത്. ഭാര്യയെ ലൈംഗിക പീഡനത്തിനായി ഉപയോഗിക്കാന്‍ മയക്കുമരുന്ന് കുത്തിവെച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. മുന്‍ഭാര്യ 48-കാരി ജൊവാന്‍ യംഗിനാണ് ഇയാളുടെ ക്രൂരകൃത്യങ്ങള്‍ക്ക് ഇരയാകേണ്ടി വന്നത്. 
തന്റെ പേര് രഹസ്യമായി വെയ്ക്കാനുള്ള അവകാശം ജൊവാന്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തിയ അഞ്ച് പുരുഷന്‍മാര്‍ക്ക് എതിരായ കുറ്റങ്ങളും ചുമത്തി. ബ്രിട്ടീഷ് പൗരന്‍മാരായ 47-കാരന്‍ നോര്‍മാന്‍ മാക്ക്‌സോണി, 46-കാരന്‍ ഡീന്‍ ഹാമില്‍ടണ്‍, 31-കാരന്‍ കോണര്‍ സാന്‍ഡേഴ്‌സണ്‍ ഡോയല്‍, 61-കാരന്‍ റിച്ചാര്‍ഡ് വില്‍കിന്‍സ്, 37-കാരന്‍ മുഹമ്മദ് ഹസന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റങ്ങള്‍ ചുമത്തിയത്.
ഈ അഞ്ച് പേരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ഇവര്‍ സ്വിന്‍ഡണ്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ അടുത്ത ദിവസം ഹാജരാകണം. 2010 മുതല്‍ 2023 വരെയാണ് കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത്. നോര്‍ത്ത് ലണ്ടന്‍ എന്‍ഫീല്‍ഡ് സ്വദേശിയായ യംഗിന് എതിരായ 11 ബലാത്സംഗ കുറ്റങ്ങള്‍ക്ക് പുറമെ ലൈംഗിക പീഡനം ഉള്‍പ്പെടെ കേസുകളാണ് ചുമത്തിയിരിക്കുന്നത്. വളരെ സങ്കീര്‍ണ്ണമായ കേസിലാണ് കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതെന്ന് വില്‍റ്റ്ഷയര്‍ പോലീസ് വ്യക്തമാക്കുന്നു.