
















ശമ്പളതര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തെ പണിമുടക്ക് നടത്തിയ ശേഷം ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയെത്തുന്നു. ഫ്‌ളൂ കേസുകള്‍ കുതിച്ചുയരുന്ന ഘട്ടത്തിലാണ് സമരങ്ങളുമായി ഇവര്‍ മുന്നോട്ട് പോയത്. സമരം ഒഴിവാക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
ട്രെയിനിംഗും, തൊഴില്‍ സുരക്ഷയും സംബന്ധിച്ചുള്ള പുതിയ ഗവണ്‍മെന്റ് ഓഫര്‍ ബിഎംഎ അംഗങ്ങള്‍ തള്ളിയതോടെയാണ് സമരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. കൂടുതല്‍ ശമ്പളവും, മെച്ചപ്പെട്ട പരിഗണനയും നല്‍കുന്ന രാജ്യങ്ങള്‍ ഡോക്ടര്‍മാരെ കൊണ്ടുപോകുകയാണെന്ന് ബിഎംഎ റസിഡന്റ് ഡോക്ടര്‍ നേതാവ് ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറയുന്നു. 
പുതുവര്‍ഷത്തോടെ തര്‍ക്കം പരിഹരിക്കാനുള്ള ആഗ്രഹമാണ് തനിക്കുള്ളതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി. ശമ്പളം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ദീര്‍ഘകാല പദ്ധതി നല്‍കാനാണ് റസിഡന്റ് ഡോക്ടര്‍മാര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്. കൂടാതെ ക്വാളിഫൈഡ് ഡോക്ടര്‍മാര്‍ക്ക് സ്‌പെഷ്യലൈസ് ചെയ്യാന്‍ കൂടുതല്‍ ട്രെയിനിംഗ് സീറ്റുകള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
2023 മുതല്‍ നടത്തുന്ന 14-ാമത്തെ പണിമുടക്കില്‍ 65% പങ്കാളിത്തം ഉണ്ടായെന്ന് ഡോക്ടര്‍മാരുടെ യൂണിയന്‍ പറയുന്നു. 2008നെ അപേക്ഷിച്ച് 20 ശതമാനത്തോളം വരുമാനക്കുറവാണ് തങ്ങള്‍ നേരിടുന്നതെന്നാണ് ഇവരുടെ വാദം. ഈ വര്‍ഷം 5.4 ശതമാനം വര്‍ദ്ധനവാണ് ഗവണ്‍മെന്റ് അനുവദിച്ചത്. 26 ശതമാനം വര്‍ദ്ധന വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.