
















തന്റെ നേട്ടത്തിന് മുന്നില്‍ മറ്റെല്ലാം അപ്രസക്തം. ഈ നിലപാടിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പോക്ക്. ലാഭം കിട്ടാന്‍ എവിടെയും ചെന്നുകയറുമെന്ന ഭീഷണി ഉയര്‍ത്തിയ ശേഷം ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡില്‍ നോട്ടമിട്ട് യൂറോപ്പിലെ സഖ്യകക്ഷികള്‍ക്ക് എതിരെയാണ് താരിഫ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഡെന്‍മാര്‍ക്കില്‍ നിന്നും ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ അനുവദിക്കുന്നത് വരെ യുകെയ്ക്കും, മറ്റ് യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും എതിരെ താരിഫ് വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അപലപിച്ചിട്ടുണ്ട്.
പ്രസിഡന്റിനെ കൊണ്ട് പൊറുതിമുട്ടിയതോടെ പൊതുമുഖത്ത് തന്നെ സ്റ്റാര്‍മര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. താരിഫ് ഏര്‍പ്പെടുത്തുമെന്ന ഭീഷണിയില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. എന്നാല്‍ ട്രംപിന്റെ പദ്ധതി പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. 
'ഗ്രീന്‍ലാന്‍ഡിന്റെ പേരിലുള്ള നിലപാട് വ്യക്തമാണ്. ഇത് കിംഗ്ഡം ഓഫ് ഡെന്‍മാര്‍ക്കിന്റെ ഭാഗമാണ്. അതിന്റെ ഭാവി പൂര്‍ണ്ണമായും ഗ്രീന്‍ലാന്‍ഡിലെ ജനങ്ങളുടെയും, ഡാനിഷ് ജനതയുടെയും വിഷയമാണ്', കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സഖ്യകക്ഷികള്‍ക്ക് മേല്‍ താരിഫ് ചുമത്തുന്നത് തെറ്റായ കാര്യമാണ്. ഇക്കാര്യം യുഎസ് ഭരണകൂടവുമായി നേരിട്ട് സംസാരിക്കും, പ്രധാനമന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 1 മുതല്‍ നിലവില്‍ വരുന്ന ചുങ്കം ജൂണ്‍ ഒന്നാകുമ്പോള്‍ 25 ശതമാനമായി ഉയര്‍ത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. യുകെയ്ക്ക് പുറമെ ഡെന്‍മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ് എന്നിവര്‍ക്കും നിരക്കുകള്‍ ബാധകമായിരിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പ്രഖ്യാപിച്ചു.
എന്നാല്‍ ട്രംപിന്റെ നികുതി ഭീഷണിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെ അപലപിച്ചു. യുഎസിലേക്കുള്ള ഇറക്കുമതിയില്‍ യുകെ ഇപ്പോള്‍ തന്നെ 10% താരിഫ് നല്‍കുന്നുണ്ട്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള വഴിനോക്കി പുതിയ ചുങ്കം ചുമത്തില്‍ ഭീഷണി ഏത് വിധത്തില്‍ എതിര്‍ക്കുമെന്ന ആലോചനയിലാണ് സഖ്യകക്ഷികളായ യുകെയും, യൂറോപ്യന്‍ രാജ്യങ്ങളും.