
















വോട്ട് ബാങ്ക് രാഷ്ട്രീയം എന്താണെന്ന് ഇന്ത്യക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. തിരിച്ചും, മറിച്ചും രാഷ്ട്രീയ കക്ഷികള്‍ ഉപയോഗപ്പെടുത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയം ജാതിയും, മതവും പ്രയോജനപ്പെടുത്തി അധികാരം പിടിച്ചെടുക്കുമ്പോള്‍ അതൊക്കെ ഇന്ത്യയിലോ, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലോ ഒക്കെ നടക്കുമെന്നൊരു പൊതുധാരണ ബ്രിട്ടനിലുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ വിജയിച്ച് കയറുമ്പോഴും വിലപേശിയ വിഭാഗങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സൂചന നല്‍കിയെങ്കിലും ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പ് ഈ രീതി ബ്രിട്ടന്‍ ഇനി ആശങ്കപ്പെടേണ്ടി വരുമെന്ന് വ്യക്തമായി വിളംബരം ചെയ്യുക കൂടി ചെയ്തിരിക്കുന്നു.
ലേബര്‍ പാര്‍ട്ടി ഒരു നൂറ്റാണ്ട് കാലം വിരാജിച്ച സീറ്റിലാണ് ഗ്രീന്‍സ് സ്ഥാനാര്‍ത്ഥി ഹന്നാ സ്‌പെന്‍സര്‍ വിജയിച്ച് കയറിയത്. 14,980 വോട്ടുകള്‍ നേടിയപ്പോള്‍ 4402 വോട്ടുകളാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് 10,578 വോട്ടുകളുള്ള റിഫോം സ്ഥാനാര്‍ത്ഥി മാറ്റ് ഗുഡ്‌വിനാണ്. 15,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന ലേബര്‍ ഇക്കുറി വിദൂരമായ മൂന്നാം സ്ഥാനത്താണ്. ഇതിലും താഴെയാണ് കണ്‍സര്‍വേറ്റീവുകള്‍.
നോര്‍ത്ത് ഇംഗ്ലണ്ടില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ ആദ്യ എംപിയാണ് ഹന്നാ സ്‌പെന്‍സര്‍.പുതിയ ഗ്രീന്‍ നേതാവ് സാക്ക് പൊളാന്‍സ്‌കിയെ സംബന്ധിച്ച് വമ്പന്‍മാരെ വെട്ടിനിരത്തിയ വിജയം വലിയ ആയുധമാണ്. തീവ്ര ഇടത് നയം പിന്തുടരുന്ന ഗ്രീന്‍സ് വന്‍തോതില്‍ വോട്ട് ബാങ്ക് നേടുന്നതില്‍ വിജയിച്ചുവെന്ന ആരോപണം ശക്തമാണ്. ലേബര്‍ പാര്‍ട്ടിയെ സംബന്ധിച്ച് ഈ തോല്‍വി വന്‍വീഴ്ചയാണ്. അതിന്റെ നിരാശ കീര്‍ സ്റ്റാര്‍മര്‍ മറച്ചുവെച്ചിട്ടില്ല. 
തന്റെ എതിരാളിയായി മാറാന്‍ സാധ്യതയുള്ള മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ മത്സരിക്കുന്നതില്‍ നിന്നും തടഞ്ഞ സ്റ്റാര്‍മര്‍ അനിവാര്യമായ തിരിച്ചടി ഏറ്റുവാങ്ങുകയാണ് ചെയ്തത്. 'ഫലം നിരാശാജനകമാണ്. ഭരണത്തിലുള്ള ഗവണ്‍മെന്റുകള്‍ ഉപതെരഞ്ഞെടുപ്പ് വിജയിക്കുന്നതാണ് പതിവ്. വോട്ടര്‍മാര്‍ രോഷത്തിലാണ്. ജനങ്ങളുടെ ജീവിതം ഭേദപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കുക', ഇടതിലെയും, വലതിലെയും തീവ്രവിഭാഗങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് സ്റ്റാര്‍മര്‍ പ്രതികരിച്ചു.
ഇതിനിടെ 'കുടുംബ വോട്ടിംഗ്' തട്ടിപ്പിനെതിരെ തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് സ്ഥിരീകരിച്ചു. ഒരേ കുടുംബത്തില്‍ പെട്ടവര്‍ പോളിംഗ് ബൂത്തില്‍ ഒരുമിച്ച് പ്രവേശിക്കുകയും, ഒരാളോട് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിനെയാണ് ഈ വിധം വിശേഷിപ്പിക്കുന്നത്. എന്നാല്‍ യുകെയില്‍ ബാലറ്റ് സീക്രസി ആക്ട് 2023 പ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണ്. ഉപതെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ഈ സ്ഥിതി നേരിട്ടതായി തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അതേദിവസം വെളിപ്പെടുത്തിയിരുന്നു. മുസ്ലീം സമൂഹം കൂടുതലായുള്ള മേഖലകളിലാണ് ഈ തട്ടിപ്പ് അരങ്ങേറിയതായി ആരോപണമുള്ളത്.