CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 29 Seconds Ago
Breaking Now

അയാത്തൊള്ള ഖമനേനി കൊല്ലപ്പെട്ടതോടെ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ കടുത്ത ആശങ്കയില്‍; മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കും തിരിച്ചടി; ഇനിയെന്ത്?

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പണം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമാണ്

ഇറാന്‍ പരമോന്നത നേതാവ് അയാത്തൊള്ളാ ഖമനേനി യുഎസ്-ഇസ്രയേല്‍ മിസൈല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഇറാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഖമനേനിയുടെ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അക്രമം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ തന്നെയാണ് യുഎസും, ഇസ്രയേലും ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ ഇറാന്റെ അടുത്ത ചുവടുവെയ്പ്പുകള്‍ സുപ്രധാനമാണ്. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ രൂപപ്പെട്ട സംഘര്‍ഷം ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത ആശങ്കയാണ് സമ്മാനിക്കുന്നത്. 

മിഡില്‍ ഈസ്റ്റില്‍ ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍, അവിടെ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കും ഇന്ത്യയുടെ സാമ്പത്തിക-സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് നേരിടുക. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കോടിക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളും പ്രൊഫഷണലുകളും കുടുംബങ്ങളുമായി താമസിക്കുന്നുണ്ട്. സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍ അവരുടെ സുരക്ഷ, തൊഴില്‍ സ്ഥിരത, യാത്രാ സൗകര്യങ്ങള്‍ എന്നിവയില്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങും. 

വിമാന സര്‍വീസുകളില്‍ തടസ്സം നേരിടുന്ന സ്ഥിതിയാണ്. ഇതിന് പുറമെ ഇടയ്ക്കിടെ വരുന്ന സുരക്ഷാ മുന്നറിയിപ്പുകളും, അടിയന്തര ഒഴിപ്പിക്കല്‍ നടപടികളും ഗള്‍ഫിനെ സമാധാന ജീവിതം തകര്‍ത്തിട്ടുണ്ട്. യുഎസ് ബേസുകള്‍ ഇല്ലാതിരുന്നിട്ടും ദുബായിലേക്ക് ഇറാന്‍ ഡ്രോണുകള്‍ വീഴുന്ന സാഹചര്യത്തില്‍ ആശങ്ക വാനോളമാണ്. പ്രശസ്തമായ പാം ജുമൈറ പോലും അക്രമിക്കപ്പെട്ടിട്ടുണ്ട്. മുന്‍കാലങ്ങളില്‍ യുദ്ധ സ്ഥിതി പൊട്ടിപ്പുറപ്പെടുമ്പോള്‍ ഇന്ത്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി പൗരന്മാരെ നാട്ടിലെത്തിച്ചിട്ടുള്ളതാണ്. ഇത്തവണയും സാഹചര്യം വഷളായാല്‍ അതുപോലുള്ള നീക്കങ്ങള്‍ ആവശ്യമായി വരും. 

ഇന്ത്യയുടെ സാമ്പത്തിക രംഗത്തും യുദ്ധപ്രതിഫലനം ഉണ്ടാകും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നാണ്. ഹോര്‍മുസ് കടലിടുക്ക് പോലുള്ള പ്രധാന മാര്‍ഗങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ എണ്ണവില ഉയരുകയും അതോടെ രാജ്യത്ത് വിലക്കയറ്റം കൂടുകയും ചെയ്യാന്‍ സാധ്യതയേറുകയാണ്. കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിലും കപ്പല്‍ ഗതാഗതച്ചെലവിലും വര്‍ദ്ധനവ് വരുന്നത് നേരിട്ട് ജനങ്ങളെ ബാധിക്കും. 

കൂടാതെ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പണം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമാണ്. തൊഴില്‍ നഷ്ടമോ, സാമ്പത്തിക അനിശ്ചിതത്വമോ ഉണ്ടായാല്‍ റിമിറ്റന്‍സ് വരവില്‍ കുറവ് സംഭവിക്കാം. അതേസമയം, സംഘര്‍ഷത്തിലുള്ള രാജ്യങ്ങളുമായി സൗഹൃദബന്ധം നിലനിര്‍ത്തുന്ന ഇന്ത്യക്ക് ഈ സാഹചര്യത്തില്‍ സൂക്ഷ്മമായ നയതന്ത്ര നിലപാട് സ്വീകരിക്കേണ്ടി വരും.

ഇറാന്‍-മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ വ്യാപനം ഇന്ത്യന്‍ പ്രവാസികള്‍ക്കും, ഇന്ത്യയുടെ ഊര്‍ജ്ജസുരക്ഷക്കും, സമ്പദ്വ്യവസ്ഥയ്ക്കും ഗൗരവതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കാനിടയുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് സുരക്ഷാ-നയതന്ത്ര നടപടികള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.