
















കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ അവകാശവാദങ്ങളില്‍ ഒതുക്കി ചാന്‍സലറുടെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ്. പുതിയ ഔദ്യോഗിക പ്രവചനങ്ങള്‍ പ്രകാരം തന്റെ പദ്ധതികള്‍ ശരിയായ ദിശയിലാണെന്ന് റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി. കൂടാതെ പണപ്പെരപ്പവും, കടവും താഴാനും, ജീവിതനിലവാരം മെച്ചപ്പെടുത്താനും, സമ്പദ് വ്യവസ്ഥയെ വളര്‍ത്താനും പദ്ധതികള്‍ ഉപകരിക്കുന്നുവെന്നും ചാന്‍സലര്‍ സഭയില്‍ അവകാശപ്പെട്ടു.
എന്നാല്‍ ഈ അവകാശവാദങ്ങള്‍ക്കിടയിലും റെക്കോര്‍ഡ് നികുതി പിരിവാണ് ബ്രിട്ടീഷുകാര്‍ നേരിടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയ്ക്കിടയില്‍ തന്റെ നടപടികള്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നാണ് ചാന്‍സലര്‍ അവകാശപ്പെടുന്നത്. 
അതേസമയം നികുതി ഭാരം 38.5 ശതമാനത്തിലേക്ക് ഉയരുമെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 1948-ല്‍ ഈ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ വര്‍ഷത്തെ വളര്‍ച്ച ഔദ്യോഗിക പ്രവചനങ്ങളില്‍ താഴ്ത്തിയിട്ടുണ്ട്. കൂടാതെ വരും മാസങ്ങളില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുമെന്നാണ് പ്രവചനം.
യുഎസും, ഇസ്രയേലും നയിക്കുന്ന യുദ്ധം നീണ്ടുനിന്നാല്‍ അത് ബ്രിട്ടന് കൂടുതല്‍ ഭാരമാകും. ഉയര്‍ന്ന എനര്‍ജി പ്രൈസും, പണപ്പെരുപ്പം കൈവിട്ട് ഉയരുകയും ചെയ്താല്‍ ജനജീവിതം വീണ്ടും ദുസ്സഹമാകും. 2026-ല്‍ വളര്‍ച്ച കേവലം 1.1 ശതമാനത്തില്‍ ഒതുങ്ങുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചിക്കുന്നു. നവംബറില്‍ 1.4 ശതമാനമുണ്ടാകുമെന്ന് പറഞ്ഞ സ്ഥാനത്ത് നിന്നാണ് ഈ ഇടിവ്.