
















കേന്ദ്ര ബജറ്റില്‍ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച സന്ദീപ് വാര്യര്‍, കേരളത്തെ കളിയാക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് ബജറ്റിലുണ്ടായതെന്നും ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നടന്ന എസ്ടിയു സംസ്ഥാനസമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍.
അതിവേഗറെയില്‍പാത ആഗ്രഹിച്ച കേരളത്തിന് ആമ വളര്‍ത്തല്‍ കേന്ദ്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. കടലാമകളെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല, എന്നാല്‍ അതിവേഗ റെയില്‍പാതയിലൂടെ വികസനത്തിന്റെ പുതിയ ചക്രവാളത്തിലേക്ക് കുതിക്കാന്‍ ആഗ്രഹിക്കുന്ന കേരള പൊതുസമൂഹത്തിനെ കളിയാക്കുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനമാണിതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒരു താമരമൊട്ടായിരുന്നു, അതിന്റെ കാര്യം എന്തായെന്ന് അറിയില്ല. അന്ന് താമരമൊട്ട് വികസനമായിരുന്നെങ്കില്‍ ഇത്തവണ കടലാമ വികസനമാണ്. കേന്ദ്രസര്‍ക്കാര്‍ ഇതുപോലെ കേരളത്തെ കളിയാക്കി കൊണ്ടിരിക്കുമ്പോള്‍ ഇവിടെ കേരളത്തിന്റെ ബജറ്റെന്തായിരുന്നു. കേരളത്തിന്റെ ബജറ്റെന്ന് പറഞ്ഞാല്‍ അത് ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശപോലെയാണ്. പേരിന് മസാല ദോശയാണ് പക്ഷേ അകത്ത് ഉരുളക്കിഴങ്ങ് ഉണ്ടാകില്ല. എന്തെങ്കിലും എടുത്തുകൊടുക്കണമെങ്കില്‍ ഖജനാവില്‍ വല്ലതും വേണ്ടേ. കഴിഞ്ഞ പത്ത് വര്‍ഷക്കാലം കൊണ്ട് കേരളത്തെ ഇതുപോലെ മുച്ചൂടും മുടിച്ചൊരു സര്‍ക്കാര്‍ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.