
















കുടിയേറ്റം കുറയ്ക്കാനുള്ള തിടുക്കം പിടിച്ച നടപടികളിലാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ്. നിയമപരമായ കുടിയേറ്റങ്ങള്‍ ഒരു വശത്ത് തടയുമ്പോള്‍ നിയമങ്ങള്‍ തെറ്റിച്ച് കടല്‍ കടന്ന് എത്തുന്നവരെ തടയാന്‍ യാതൊരു ശുഷ്‌കാന്തിയും അവര്‍ക്കില്ല. എന്നാല്‍ കൈവിട്ട് കുടിയേറ്റം തടയാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന് പാരയായി മാറുന്നുവെന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് വരുന്നത്.
ഹോം ഓഫീസിന് സന്തോഷം നല്‍കുന്ന കുടിയേറ്റം കുറയുന്ന കണക്കുകള്‍ ട്രഷറിക്ക് ദുഃഖമായി മാറുന്നതാണ് ഇതിന് കാരണം. നെറ്റ് മൈഗ്രേഷന്‍ കുറയുന്നത് നാട്ടിലെ നികുതിദായകര്‍ക്ക് ഭാരം കൂടാന്‍ ഇടയാക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതോടെ ചാന്‍സലര്‍ക്ക് പൊതുഖജനാവില്‍ നേരിടുന്ന വിള്ളല്‍ കുറയ്ക്കാന്‍ വീണ്ടും നികുതി കൂട്ടേണ്ടി വരുമെന്നും ഇതില്‍ പറയുന്നു.
ഈ വര്‍ഷത്തിന്റെ അവസാന ഭാഗത്ത് ചാന്‍സലര്‍ക്ക് കനത്ത വെല്ലുവിളിയാണ് ഈ സാഹചര്യം സൃഷ്ടിക്കുകയെന്നാണ് ഐഎഫ്എസ് വ്യക്തമാക്കുന്നത്. ഈ റിപ്പോര്‍ട്ട് കൂടി വന്നതോടെ റേച്ചല്‍ റീവ്‌സ് വീണ്ടും നികുതികള്‍ വര്‍ദ്ധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്.
നെറ്റ് മൈഗ്രേഷന്‍ സുപ്രധാന തോതില്‍ താഴുമെന്നാണ് ഒബിആര്‍ പ്രവചനം. ഈ പ്രവചനത്തിലും താഴേക്ക് കണക്കുകള്‍ പോയാല്‍ ഇത് ആകെ ജിഡിപിയെയും, നികുതി വരുമാനത്തെയും സാരമായി ബാധിക്കുമെന്നാണ് ഐഎഫ്എസ് വ്യക്തമാക്കുന്നത്.