
















ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന്റെ പെരുമാറ്റം ലോക വേദികളില്‍ പോലും യുകെയ്ക്ക് ചീത്തപ്പേര് സമ്പാദിച്ച് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ട്രേഡ് പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ വ്യാപാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പകരം ആന്‍ഡ്രൂവിന്റെ ശ്രദ്ധ മറ്റ് കാര്യങ്ങളിലായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ ഇയാളുടെ പെരുമാറ്റം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ആന്‍ഡ്രൂവിനെ ഒരു ബാധ്യതയായാണ് കണ്ടിരുന്നതെന്ന് മുന്‍ സഖ്യകക്ഷി ഗവണ്‍മെന്റിലെ ശ്രോതസ്സുകള്‍ പറഞ്ഞു. എന്നാല്‍ ഔദ്യോഗിക പദവിയില്‍ നിന്നും ഒഴിവാക്കുന്നത് ബക്കിംഗ്ഹാം കൊട്ടാരത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കുമെന്ന് കരുതിയാണ് എല്ലാവരും ക്ഷമിച്ചതെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.
2001 മുതലാണ് മുന്‍ യോര്‍ക്ക് ഡ്യൂക്ക് പ്രതിനിധിയായി എത്തുന്നത്. എന്നാല്‍ ഇയാള്‍ ഉപകാരമില്ലാത്ത വ്യക്തിയാണെന്നും, വലിയ ഇടപാടുകള്‍ വേണ്ടെന്നുമാണ് അന്നത്തെ ബിസിനസ്സ് സെക്രട്ടറി വിന്‍സ് കേബിള്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ രാജകുടുംബത്തിലെ പിന്‍ഗാമി പട്ടികയിലുള്ള വ്യക്തിയെന്ന നിലയിലാണ് ഇയാളെ നിലനിര്‍ത്തിപ്പോന്നതെന്ന് ഒബ്‌സേര്‍വറിന് നല്‍കിയ വിവരങ്ങള്‍ പറയുന്നു.
ഇതിന് പുറമെ വലിയ പരിപാടികളില്‍ വൈകിയെത്തുന്ന ആന്‍ഡ്രൂ, യുവതികളോട് മാത്രം സംസാരിക്കുകയും, നേരത്തെ സ്ഥലം വിടുകയും ചെയ്യുന്നതിനെ കുറിച്ച് അംബാസിഡര്‍മാര്‍ പരാതിപ്പെട്ടിരുന്നതായി മുന്‍ വൈറ്റ്ഹാള്‍ മേധാവികള്‍ സമ്മതിക്കുന്നു. മറ്റ് രാജകുടുംബ അംഗങ്ങള്‍ അതിഥികളെ സന്തോഷിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുമ്പോള്‍ ആന്‍ഡ്രൂ ഇവരെ മുറിവേല്‍പ്പിക്കാനാണ് ഉപകരിച്ചിരുന്നതെന്നും ഒഫീഷ്യല്‍ പറയുന്നു.