
















യുഎസിലേക്കുള്ള മുന്‍ ബ്രിട്ടീഷ് അംബാസിഡര്‍ പീറ്റര്‍ മണ്ടേല്‍സന്റെ വസതിയിലേക്ക് കുതിച്ചെത്തിയാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് സ്‌പെഷ്യല്‍ യൂണിറ്റ് ഇയാളെ അറസ്റ്റ് ചെയ്തത്. മണ്ടേല്‍സന്റെ വീടുകളില്‍ റെയ്ഡ് നടത്തി 17 ദിവസത്തിന് ശേഷം തിടുക്കം പിടിച്ച് അറസ്റ്റ് നടപടികളിലേക്ക് കടന്നത് എന്തിനെന്ന് ചോദ്യം ഉയരുകയും ചെയ്തു. മുന്‍ ലേബര്‍ മന്ത്രി കൂടിയായ മണ്ടേല്‍സണ്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സിലേക്ക് നാടുകടക്കുമെന്ന ആശങ്കയിലാണ് പോലീസ് തിടുക്കത്തില്‍ അറസ്റ്റ് ചെയ്തതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നാണക്കേടിലായ മുന്‍ മന്ത്രി നാടുവിടാന്‍ സാധ്യതയുണ്ടെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡിന് ഇന്റലിജന്‍സ് വിവരം ലഭിച്ചതോടെയായിരുന്നു നടപടി. ഇത് തടയുന്നതിനായാണ് വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ സീനിയര്‍ തലത്തില്‍ തീരുമാനം കൈക്കൊണ്ടത്. സ്ഥിര മേല്‍വിലാസം വിദേശത്തേക്ക് മാറ്റി പ്രോസിക്യൂഷന്‍ ഒഴിവാക്കാനായിരുന്നു മണ്ടേല്‍സണ്‍ ശ്രമിച്ചത്. 
എന്നാല്‍ താന്‍ ഒരിക്കലും നാടുവിടാന്‍ ആലോചിച്ചിട്ടില്ലെന്നും, പോലീസിന്റേത് കെട്ടുകഥയാണെന്നുമാണ് മണ്ടേല്‍സന്റെ വാദം. പോലീസുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ ഉദ്ദേശിച്ചായിരുന്ന തന്റെ നിലപാടെന്നാണ് ഇയാള്‍ സുഹൃത്തുക്കളോട് പറയുന്നത്. ജെഫ്രി എപ്സ്റ്റീനുമായുള്ള ഇടപാടുകളില്‍ രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തിലാണ് അറസ്റ്റ് നടന്നത്. ഇതിന്റെ പേരില്‍ നാടുവിടുമെന്നത് സംബന്ധിച്ച് തെളിവ് ഹാജരാക്കാനാണ് മണ്ടേല്‍സന്റെ അഭിഭാഷകര്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡിനോട് ആവശ്യപ്പെടുന്നത്.
മണ്ടേല്‍സണ്‍ നാടുവിടുമെന്ന ശക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അറസ്റ്റ് വന്നതെന്ന് ന്യൂസ് ഏജന്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ എപ്സ്റ്റീന്റെ മറ്റൊരു കൂട്ടുകാരന്‍ ആന്‍ഡ്രൂവിന്റെ വസതിയില്‍ നടന്ന തെരച്ചില്‍ അവസാനിച്ചതായി പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച 66-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇരിക്കുമ്പോഴാണ് പോലീസ് മുന്‍ രാജകുമാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തത്.