
















യുഎസ്-ഇസ്രയേല്‍, ഇറാന്‍ പോരാട്ടത്തില്‍ സമാധാനത്തിന് വഴിതെളിയുമെന്ന പ്രതീക്ഷയ്ക്ക് മങ്ങല്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച 15 ഇന സമാധാന പദ്ധതി ഇറാന്‍ തള്ളിയതോടെയാണ് പദ്ധതി മുന്നോട്ട് നീങ്ങുന്നതിന് തടസ്സം നേരിടുന്നത്. യുഎസ് നയതന്ത്രത്തില്‍ തങ്ങളുടെ മുന്‍ അനുഭവങ്ങള്‍ ഗുരുതരമായിരുന്നുവെന്നാണ് ഇറാന്റെ കുറ്റപ്പെടുത്തല്‍.
യുഎസ് മുന്നോട്ട് വെച്ച പദ്ധതികള്‍ കടുത്തതാണെന്നും, യുദ്ധം അവസാനിക്കണമെങ്കില്‍ തങ്ങളുടെ വ്യവസ്ഥകള്‍ കൂടി അംഗീകരിക്കേണ്ടി വരുമെന്നും ഇറാന്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ സമ്മറില്‍ ഇറാന്‍ തള്ളിയ പദ്ധതികള്‍ തന്നെയാണ് ഇക്കുറിയും ട്രംപ് മുന്നോട്ട് വെച്ചതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. 
ഇതിനിടെ യുഎസിന്റെ 7000 അംഗങ്ങളുള്ള കരസേനാംഗങ്ങള്‍ തെഹ്‌റാന്റെ പടിവാതില്‍ക്കലേക്ക് എത്തിയിട്ടുണ്ട്. 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ 2000 പാരാട്രൂപ്പര്‍മാരെയും, 4500 മറീനുകളെയുമാണ് പെന്റഗണ്‍ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്നത്. നയതന്ത്ര നീക്കങ്ങള്‍ തള്ളുന്നത് തുടര്‍ന്നാല്‍ കരസേനയെ മണ്ണിലിറക്കാനാണ് പ്രസിഡന്റ് തയ്യാറെടുക്കുന്നതെന്നാണ് സൂചന.
അതേസമയം സമാധാന ശ്രമങ്ങള്‍ക്കിടയില്‍ തങ്ങളുടെ ലക്ഷ്യം കൈവരിക്കാനുള്ള ഊര്‍ജ്ജിത ശ്രമം നടത്തുകയാണ് ഇസ്രയേല്‍. ഇറാന്റെ ആയുധ മേഖലയെ സമ്പൂര്‍ണ്ണമായി നശിപ്പിക്കാന്‍ ഇസ്രയേല്‍ കമ്മാന്‍ഡര്‍മാര്‍ 48 മണിക്കൂര്‍ സമയപരിധിയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയിരിക്കുന്നത്. സമാധാന നീക്കങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പായി ഉയര്‍ന്ന മൂല്യമുള്ള ഇറാന്‍ ലക്ഷ്യകേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന് നെതന്യാഹു ഉത്തരവ് നല്‍കിയത്.