
















മിഡില്‍ ഈസ്റ്റ് യുദ്ധം ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം, ഓവനുകളുടെ ഉപയോഗം ചുരുക്കാനും ജനങ്ങള്‍ക്ക് ഉപദേശം. ആഗോള സപ്ലൈ ചെയിനുകള്‍ സമ്മര്‍ദം നേരിടുമ്പോള്‍ കാര്‍ ഉപയോഗം കുറയ്ക്കാനും, എയര്‍ഫ്രയറുകള്‍ ഉപയോഗിച്ച് പാകം ചെയ്യാനും അന്താരാഷ്ട്ര എനര്‍ജി നിരീക്ഷകര്‍ ആവശ്യപ്പെടുന്നു. എണ്ണ, ഗ്യാസ് ഡിമാന്‍ഡ് കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇറാന്‍ യുദ്ധം മൂലം ബ്രിട്ടനിലെ വീടുകളില്‍ 'ട്രംപ്ഫ്‌ളേഷന്‍' അനുഭവപ്പെട്ട് തുടങ്ങിയെന്ന സന്ദേശമാണ് ഇതില്‍ നിന്നും പുറത്തുവരുന്നത്. പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്ക യുകെ ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകള്‍ കൊടുമുടിയോളം ഉയര്‍ത്തുന്നുണ്ട്. ഇതോടെ പുതിയ പ്രതിസന്ധിയില്‍ ജനങ്ങളെ സഹായിക്കാന്‍ പോലും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് സാധിക്കുമോയെന്ന് സംശയമാണ്.
ചാന്‍സലര്‍ രാജ്യത്തിന്റെ 'ക്രെഡിറ്റ് കാര്‍ഡ്' ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കാനായി ചെലവഴിച്ചതാണ് വിനയായതെന്ന് ടോറികള്‍ കുറ്റപ്പെടുത്തി. അതേസമയം ഐഇഎ നിര്‍ദ്ദേശങ്ങള്‍ യുകെയില്‍ ഔദ്യോഗികമല്ലെന്നും, ആളുകള്‍ സാധാരണ രീതിയില്‍ മുന്നോട്ട് പോകണമെന്നും ഡൗണിംഗ് സ്ട്രീറ്റ് നിര്‍ദ്ദേശിച്ചു.
നിലവിലെ സാഹചര്യങ്ങള്‍ ഊര്‍ജ്ജ വില കൂട്ടാനാണ് ഉപകരിക്കുന്നത്. ഇത് മൂലം ജൂലൈയില്‍ എനര്‍ജി ബില്‍ ക്യാപ്പ് 332 പൗണ്ട് വര്‍ദ്ധിച്ച് പ്രതിവര്‍ഷം 1973 പൗണ്ടെന്ന നിലയിലേക്ക് എത്തുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ്‌സ് നല്‍കുന്ന പ്രവചനം.