
















ഇന്ധനവില കുതിച്ചുയരുമ്പോള്‍ ലാഭം മുഴുവന്‍ കമ്പനികള്‍ കൊണ്ടുപോകുന്നു എന്നൊരു പൊതുധാരണ കുറച്ച് കാലം മുന്‍പ് വരെ ഉണ്ടായിരുന്നു. എന്നാല്‍ നല്ലൊരു ശതമാനം ഗവണ്‍മെന്റ് നികുതി ഇനത്തില്‍ പിരിച്ചെടുക്കുന്നുണ്ടെന്ന് വ്യക്തമാകുന്നത് വരെ ഇതേ കുറിച്ച് ആരും കാര്യമായി ചിന്തിച്ചിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ലാഭം ഉണ്ടാക്കുന്നത് ആരാണെന്ന ചര്‍ച്ചയില്‍ എണ്ണ കമ്പനികളും, ചാന്‍സലറും തമ്മിലുള്ള വാക്‌പോരാണ് ഈ സത്യാവസ്ഥ പുറത്തെത്തിച്ചത്.
ഇന്ധനവില ഉയരുന്നതിന്റെ ലാഭം റേച്ചല്‍ റീവ്‌സ് കൈക്കലാക്കുന്നുവെന്നാണ് ആരോപണം. പമ്പുകളിലെ ഉയര്‍ന്ന വില മൂലം, വര്‍ദ്ധിച്ച നികുതി ഒഴുക്കാണ് ചാന്‍സലര്‍ക്ക് സഹായകമാകുന്നത്. പ്രതിസന്ധിയെ പണം വാരാന്‍ അവസരമാക്കുന്നതിന് എതിരെ ബ്രിട്ടനിലെ ഉന്നത മേധാവികള്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ഇവര്‍ക്കൊപ്പം ചേരുകയാണ് കെമി ബാഡെനോക്. 
നെക്‌സ്റ്റ് മേധാവി ലോര്‍ഡ് വോള്‍ഫ്‌സണ്‍, എം&എസ് മേധാവി സ്റ്റുവര്‍ട്ട് മാചിന്‍ തുടങ്ങിയവരാണ് ഗവണ്‍മെന്റിന്റെ നികുതി നേട്ടത്തിലെ സന്തോഷത്തില്‍ വെള്ളമൊഴിച്ചത്. പെട്രോള്‍ ഫോര്‍കോര്‍ട്ടുകളിലെ നിരക്കിന്റെ പേരില്‍ കമ്പനി മേധാവികളും, ഡൗണിംഗ് സ്ട്രീറ്റും പോരാട്ടത്തില്‍ ഇരിക്കവെയാണ് നികുതി വരുമാനം ഉയരുന്നതിനെ കുറിച്ച് ഇവര്‍ ഓര്‍മ്മപ്പെടുത്തിയത്.
ഇറാന്‍ യുദ്ധത്തില്‍ റീട്ടെയിലര്‍മാര്‍ മാത്രമാണ് ലാഭം കൊയ്യുന്നതെന്നാണ് കീര്‍ സ്റ്റാര്‍മറും, ചാന്‍സലറും ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഗവണ്‍മെന്റാണ് പണം കൊയ്യുന്നതെന്ന് ബിസിനസ്സുകള്‍ തിരിച്ചടിച്ചു. വാറ്റ്, ഫ്യൂവല്‍ ഡ്യൂട്ടി ഇനത്തില്‍ കൈയിലെത്തുന്ന വന്‍തുകയെ കുറിച്ച് ഗവണ്‍മെന്റ് മറക്കരുതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്ത് തന്നെയായാലും ജനങ്ങളെ സംബന്ധിച്ച് വന്‍തോതില്‍ നഷ്ടമാണ് ഈ യുദ്ധം വരുത്തിവെയ്ക്കുന്നത്.