
















കത്തിക്കുത്തിന് പ്രായമുണ്ടോ? കൈയില്‍ കിട്ടുന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് എതിരാളിയെ വീഴ്ത്താന്‍ പ്രായം ഒരു തടസ്സമാകുന്നില്ല. ഇത് ബ്രിട്ടനില്‍ കുട്ടികള്‍ പയറ്റുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. ഓരോ മാസവും ഇംഗ്ലണ്ടില്‍ മൂന്ന് കുട്ടികളെങ്കിലും കുത്തേറ്റ് മരിക്കുന്നുവെന്നാണ് കണക്ക്. ഇരകളുടെ ശരാശരി പ്രായം കേവലം 14 വയസ്സുമാണെന്ന് ഞെട്ടിക്കുന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
17 വയസ്സിനും, അതിന് താഴേക്കും പ്രായമുള്ളവര്‍ക്കിടയില്‍ ഗുരുതരമായ കത്തിക്കുത്ത് സംഭവങ്ങള്‍ ഉയരുന്നതായി ആശങ്കയുണ്ട്. 2019/20 വര്‍ഷം ഇത്തരം സംഭവങ്ങളില്‍ 21 മരണങ്ങള്‍ നടന്നപ്പോള്‍ 2023/24 വര്‍ഷത്തില്‍ ഇത് 36 ആയാണ് ഉയര്‍ന്നത്.
ഒറ്റക്കുത്തിന് മരണത്തിലേക്ക് നയിക്കപ്പെട്ടവരാണ് ഇരകളില്‍ ഭൂരിഭാഗവും. ഇരകള്‍ പലരും അധികൃതര്‍ക്ക് മുന്‍പ് അറിവുള്ളവരുമായിരുന്നു. കത്തി അക്രമണങ്ങള്‍ സുപ്രധാന അപകടമാണ് സൃഷ്ടിക്കുന്നതെന്ന് പഠനങ്ങള്‍ വിശദീകരിക്കുന്നു. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച് കൊണ്ട് ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. 
കത്തി ഉപയോഗിച്ച് മുറിവേറ്റ് മരണപ്പെട്ട 18 വയസ്സില്‍ താഴെയുള്ള 145 കുട്ടികളുടെ മരണങ്ങളാണ് ബ്രിസ്റ്റോള്‍ മെഡിക്കല്‍ സ്‌കൂള്‍ പരിശോധിച്ചത്. ഇതില്‍ 90 ശതമാനവും പുരുഷന്‍മാരായിരുന്നു. 14.4 വയസ്സാണ് ശരാശരി പ്രായം. ഇതില്‍ 75 ശതമാനം കുട്ടികളും ദാരിദ്ര്യമുള്ള മേഖലകളില്‍ നിന്നുള്ളവരായിരുന്നു.
മൂന്നിലൊന്ന് കുട്ടികള്‍ കറുത്തവര്‍ഗ്ഗക്കാരായിരുന്നു. ഇതേ തോതില്‍ വെള്ളക്കാരായ കുട്ടികളും ഇരകളാകുന്നു. ജനസംഖ്യാ അടിസ്ഥാനത്തില്‍ കറുത്തവരായ കുട്ടികള്‍ കത്തി അക്രമണത്തില്‍ മരണപ്പെടാനുള്ള സാധ്യത 13 ഇരട്ടി അധികമാണ്. കുട്ടികള്‍ ഉള്‍പ്പെടുന്ന കത്തി അക്രമണങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കുത്തനെ ഉയര്‍ന്നിട്ടുണ്ട്.