
















ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതിവേട്ട ജനങ്ങളെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എല്ലാം ശരിയാക്കുമെന്ന പേരില്‍ നികുതി കൂട്ടുന്നതല്ലാതെ ഒന്നും ശരിയാകുന്നുമില്ല. ബ്രിട്ടന്‍ പരമാവധി നികുതി ചുമത്തുന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞെന്നാണ് വാഷിംഗ്ടണിലെ സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
റേച്ചല്‍ റീവ്‌സ് കൂടുതല്‍ നികുതി ചുമത്തലുമായി മുന്നോട്ട് പോയാല്‍ ഇത് ഉത്പാദനത്തെയും, വളര്‍ച്ചയെയും ബാധിക്കുന്ന അവസ്ഥയായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 2024 മുതല്‍ 2031 വരെ കണക്കുകള്‍ പ്രകാരം ബ്രിട്ടന്റെ ടാക്‌സ് വരുമാനം 4.5 ശതമാനം പോയിന്റ് ഉയരുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വെളിപ്പെടുത്തുന്നത്. ഇത് അടുത്ത ദശകത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി 40 ശതമാനം കടക്കുമെന്നും പറയുന്നു.
2024 ജൂലൈയിലാണ് ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലേറുന്നത്. അന്നുമുതല്‍ ബിസിനസ്സുകള്‍ക്കും, കുടുംബങ്ങള്‍ക്കും മേല്‍ 75 ബില്ല്യണ്‍ പൗണ്ടിന്റെ കണ്ണഞ്ചിപ്പിക്കുന്ന പുതിയ നികുതികളാണ് ലേബര്‍ ചുമത്തിയത്. ജി7 രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യമായി ബ്രിട്ടന്‍ മാറി. ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്.
എന്നാല്‍ റീവ്‌സിന്റെ ഈ നികുതി വേട്ട എല്ലാ പരിധികളും ലംഘിച്ചെന്നാണ് യുകെ സമ്പദ് വ്യവസ്ഥ നിരീക്ഷിക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ നികുതി വേട്ട തന്നെയാണ് രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിച്ച് പിടിക്കുന്നതെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന നിരക്കില്‍ ഇന്‍കം ടാക്‌സ് നല്‍കുന്ന പരിധി മരവിപ്പിച്ചത് പോലുള്ള തീരുമാനങ്ങള്‍ കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.