
















ബ്രിട്ടനില്‍ ശിക്ഷാ കാലാവധി കഴിയാതെ തടവുകാര്‍ സസുഖം പുറത്തിറങ്ങുന്നു. ആഴ്ചയില്‍ മൂന്ന് പേരെങ്കിലും ഉദ്യോഗസ്ഥരുടെ അബദ്ധങ്ങളെ തുടര്‍ന്ന് ജയിലില്‍ നിന്നും രക്ഷപ്പെട്ട് പുറത്തുവരുന്നുവെന്നാണ് കണക്ക്. എത്യോപ്യന്‍ ലൈംഗിക കുറ്റവാളിയെ അബദ്ധത്തില്‍ സ്വതന്ത്രനാക്കിയ സംഭവം വിവാദമായ ശേഷം തെറ്റുകള്‍ ഒഴിവാക്കാന്‍ നടപടികള്‍ കൈക്കൊണ്ട ശേഷവും കാര്യമായ മാറ്റങ്ങള്‍ ഇല്ലെന്നതാണ് അവസ്ഥ.
41-കാരന്‍ ഹദൂഷ് കെബാടുവിന്റെ മോചനമാണ് സിസ്റ്റം തകര്‍ന്നതിന്റെ തെളിവുകള്‍ പുറത്തെത്തിച്ചത്. എസെക്‌സിലെ അഭയാര്‍ത്ഥി ഹോട്ടലില്‍ താമസിക്കുമ്പോള്‍ 14-കാരി പെണ്‍കുട്ടിയെ ലൈംഗികമായി അക്രമിച്ച കേസിലാണ് ഇയാള്‍ അകത്തായത്. നാടുകടത്തേണ്ട വ്യക്തിയെയാണ് ഒക്ടോബറില്‍ പുറത്തുവിട്ടത്.
2022 മുതലാണ് വന്‍തോതില്‍ കുറ്റവാളികളെ സമയം എത്താതെ പുറത്തുവിടാന്‍ തുടങ്ങിയത്. 2024ല്‍ ഇത് റെക്കോര്‍ഡിട്ടു. വീഴ്ചകള്‍ മൂലം വന്‍തോതില്‍ കുറ്റവാളികള്‍ പുറത്തുപോകുന്നതായി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി സമ്മതിച്ചിരുന്നു.
തെറ്റുകള്‍ ഒഴിവാക്കാനായി പ്രിസണ്‍ റിലീസ് സിസ്റ്റം കര്‍ശനമാക്കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് വിജയം കണ്ടിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രിസണ്‍ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ 82 മില്ല്യണ്‍ പൗണ്ടാണ് ജസ്റ്റിസ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ബയോമെട്രിക്‌സ് സംവിധാനത്തിലേക്ക് മാറുന്നതോടെ പ്രശ്‌നം ഒഴിവാക്കാമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷ.