
















പാര്‍ക്കില്‍ പൊതുജനങ്ങള്‍ നോക്കിനില്‍ക്കെ നഴ്‌സിന് എതിരെ വംശീയമായി അസഭ്യവര്‍ഷം നടത്തിയ പ്രായമായ ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ. 72-കാരി ഫിയോണ ബെയര്‍സ്‌റ്റോ, 77-കാരന്‍ മൈക്കിള്‍ ബെയര്‍സ്‌റ്റോ എന്നിവരാണ് ഹാലിഫാക്‌സിലെ പാര്‍ക്കില്‍ നഴ്‌സ് ആപ്പില്‍ മൂര്‍ഹൗസിനെ വംശീയമായി അധിക്ഷേപിച്ചത്. ഇവരുടെ നായയെ ശ്രദ്ധിക്കാന്‍ പറഞ്ഞതിന്റെ പേരിലായിരുന്നു വംശവെറി.
ഫിലിപ്പൈന്‍ വംശജയായ എന്‍എച്ച്എസ് നഴ്‌സിനോട് 'നിന്റെ ഡിഞ്ചിയിലേക്ക്' തിരിച്ചുപോകാനാണ് മൈക്കിള്‍ ആവശ്യപ്പെട്ടത്. ദമ്പതികളുടെ പെരുമാറ്റം കണ്ട് നഴ്‌സ് ഇവിടെ നിന്നും പോകാന്‍ തുടങ്ങിയെങ്കിലും മുടിക്ക് വലിച്ച് പിടിച്ച് നിര്‍ത്തിയ ശേഷം ആക്രോശം തുടരുകയായിരുന്നു. 
കുടിയേറ്റക്കാരെ നിരോധിക്കണമെന്ന് വരെ ആക്രോശിച്ച ദമ്പതികള്‍ നഴ്‌സിന് നേരെ വെള്ളം ഒഴിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ആപ്പിള്‍ മൂര്‍ഹൗസ് ചിത്രീകരിച്ചത് പ്രധാന തെളിവായി. വംശീയമായി അധിക്ഷേപിച്ചെന്ന് സമ്മതിച്ച ദമ്പതികളെ എട്ടാഴ്ചത്തെ ജയില്‍വാസത്തിനാണ് കോടതി അയച്ചത്. 
നഴ്‌സിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരു സ്ത്രീയെയും മൈക്കിള്‍ അക്രമിച്ചു. ഈ കുറ്റവും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരമൊരു പെരുമാറ്റം ഒരു നിമിഷം കൊണ്ട് പൊട്ടിപ്പുറപ്പെട്ടതല്ലെന്ന് വിധി പ്രസ്താവിക്കവെ ചെയര്‍വുമണ്‍ ഗില്‍ അര്‍ണോര്‍ഡ് ചൂണ്ടിക്കാണിച്ചു. ഈ യുവതിക്ക് നേരെ നടത്തിയ അതിക്രമത്തില്‍ സ്വയം ലജ്ജിക്കാനും കോടതി വിമര്‍ശിച്ചു.
തന്റെ ആറ് വയസ്സുകാരി മകള്‍ക്ക് നേരെ വൃദ്ധദമ്പതികളുടെ നായ കുതിച്ചുചാടിയതോടെയാണ് നഴ്‌സ് ആപ്പിള്‍ ഇതിനെ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടത്. ഹാലിഫാക്‌സിലെ മാനര്‍ ഹീത്ത് പാര്‍ക്കില്‍ വെച്ച് നടന്ന സംഭവം പെട്ടെന്ന് അതിക്രമത്തിലേക്ക് മാറി. ദേഹത്തേക്ക് വെള്ളം ഒഴിക്കുകയും, ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ട സ്ത്രീയുടെ മുഖത്ത് മൈക്കിള്‍ ഇടിച്ചു. 2009 മുതല്‍ ബ്രിട്ടനില്‍ താമസിക്കുന്ന ആപ്പിള്‍ ബ്രിട്ടീഷ് പൗരത്വമുള്ള വ്യക്തിയാണ്. എന്നാല്‍ ഈ സംഭവത്തില്‍ ശേഷം ജോലിക്ക് പോകാന്‍ പോലും ഭയമാണെന്ന് നഴ്‌സ് വ്യക്തമാക്കി.