
















കേരള പോലീസിന്റെ ആപ്തവാക്യമാണ് 'മൃദു ഭാവേ ദൃഢ കൃത്യേ' എന്നുള്ളത്. ജനങ്ങളോട് സൗമ്യതയോടെ പെരുമാറാനും, കുറ്റകൃത്യങ്ങളോട് കര്‍ശന സമീപനവും എന്നതാണ് ഇതിന്റെ ഉദ്ദേശം. ഏതാണ്ട് ഈ പറഞ്ഞതിന് അടുത്ത് വരുന്ന നീക്കമാണ് ഇപ്പോള്‍ ലേബര്‍ എംപിമാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
സൗമ്യമായി പെരുമാറുന്ന ലേബര്‍ എംപിമാര്‍ ഇപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് എതിരെ പ്രഖ്യാപനങ്ങള്‍ നടത്തുന്നില്ല, പക്ഷെ അണിയറയില്‍ തങ്ങള്‍ക്കൊപ്പം ആളെക്കൂട്ടി പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള യത്‌നമാണ് ഇവര്‍ നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ മൃദു-ഇടത് വിഭാഗമാണ് ഇതില്‍ ഒത്തുചേരാന്‍ തയ്യാറായിരിക്കുന്നത്.
വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പ് അരങ്ങേറുമ്പോള്‍ ലേബര്‍ പാര്‍ട്ടിയില്‍ ചോരപ്പുഴ ഒഴുകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ പേരില്‍ തന്നെ വെട്ടാനുള്ള നീക്കമുണ്ടായാല്‍ എതിര്‍ത്ത് നില്‍ക്കുമെന്നാണ് സ്റ്റാര്‍മര്‍ വിഭാഗത്തിന്റെ നിലപാട്. വിമതരുടെ എണ്ണം വര്‍ദ്ധിപ്പിച്ച് രാജിവെയ്ക്കാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന തരത്തിലേക്ക് എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
ഇതിനിടെ ആന്‍ഡി ബേണ്‍ഹാമിലെ 'കറുത്ത കുതിരയാക്കി' വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എത്തിക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്. മന്ത്രിമാര്‍ ഈ പദ്ധതി ആലോചിക്കുന്നുണ്ട്. നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള ലേബര്‍ എംപി അടുത്ത ആഴ്ച രാജിവെച്ച് ഒഴിയാനുള്ള സാധ്യതകളാണ് നടക്കുന്നത്. ഇതുവഴി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ കുരുക്കില്‍ നിന്നും വെസ്റ്റ്മിന്‍സ്റ്ററിലേക്ക് ബേണ്‍ഹാമിനെ തിരിച്ചെത്തിച്ച് നേതൃസ്ഥാനത്തിനായി മത്സരിപ്പിക്കാനാണ് നീക്കം.