
















ഇറാനില്‍ യുഎസും, ഇസ്രയേലും നടത്തുന്ന യുദ്ധം ഇപ്പോള്‍ വാക്‌പോരിലേക്കും, ഷിപ്പിംഗ് റൂട്ടിന്റെ നിയന്ത്രണത്തിലേക്കും ഒതുങ്ങിയിരിക്കുന്നു. ഇത് ആഗോള ഇന്ധന വിതരണത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. എണ്ണ, ഗ്യാസ് വിതരണം തടസ്സപ്പെടുന്നതാണ് ഈ വിഷയം ഇത്രയേറെ രാജ്യങ്ങളെ ബാധിക്കുന്നത്.
യുദ്ധം യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ഗണ്യമായി ബാധിക്കുമെന്ന് ലെന്‍ഡര്‍ നാറ്റ്‌വെസ്റ്റ് മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളുടെ ചെലവഴിക്കല്‍ കുറയ്ക്കുന്നതിനൊപ്പം, പുതിയ ആളുകളെ ജോലിക്ക് എടുക്കാന്‍ സ്ഥാപനങ്ങള്‍ മടിക്കുമെന്നും ലെന്‍ഡര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ വര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കേവലം 0.4% വളരുമെന്നാണ് നാറ്റ്‌വെസ്റ്റ് പ്രതീക്ഷ. നേരത്തെ ഇത് 1 ശതമാനം വര്‍ദ്ധിക്കുമെന്നായിരുന്നു പ്രവചനം. സംഘര്‍ഷം നീണ്ടുപോകുന്ന സാഹചര്യത്തില്‍ അവസ്ഥ മോശമാകുമെന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.
ഇതിനൊപ്പം കേവലം 0.7 ശതമാനം വര്‍ദ്ധനവാണ് വീടുകള്‍ക്ക് നേരിടുകയെന്നും നാറ്റ്‌വെസ്റ്റ് പ്രവചിക്കുന്നു. 3.4% എന്ന നിലയില്‍ നിന്നുമാണ് ഈ ഇറക്കം. സ്ഥിതി മോശമായതോടെ പുറമെ നിന്ന് ഭക്ഷണം കഴിക്കാന്‍ പോലും ഉപഭോക്താക്കള്‍ മടിക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ ത്വെയ്റ്റ് വ്യക്തമാക്കി.
ബിസിനസ്സുകളെ സംബന്ധിച്ച് അനിശ്ചിതാവസ്ഥയാണ് സ്ഥിതി സമ്മാനിക്കുന്നത്. വളര്‍ച്ചയിലെ കുറവ്, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവയ്‌ക്കൊപ്പം പലിശ നിരക്ക് 3.75 ശതമാനത്തില്‍ തുടരുമെന്നതുമാണ് സ്ഥിതി. പലിശ നിരക്കുകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പും നല്‍കി കഴിഞ്ഞു.