
















സ്വന്തം പറമ്പിലെ മാലിന്യം അടുത്ത പറമ്പിലേക്ക് എറിയാന്‍ ചിലര്‍ക്ക് വലിയ ആവേശമാണ്. ഇതിന് സ്ഥലം കിട്ടിയില്ലെങ്കില്‍ കവറിലാക്കി വഴിയിലും, മറ്റ് ഇടങ്ങളിലും എറിയുന്നതും ചിലര്‍ക്ക് ശീലമാണ്. എന്നാല്‍ ഈ ശീലത്തിന്റെ പേരില്‍ പിഴ മാത്രമല്ല, ഇനി ചിലപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സും പോയിക്കിട്ടും.
ഈയൊരു നിയമം പതിവായി തെറ്റിക്കുന്നവര്‍ക്കാണ് ലൈസന്‍സ് പിടിച്ചെടുക്കുന്ന അനുഭവം നേരിടേണ്ടി വരിക. പുതിയ നിയമനിര്‍മ്മാണത്തിലൂടെയാണ് ഇത്തരക്കാര്‍ക്ക് ലൈസന്‍സ് നിയന്ത്രണങ്ങളും, പിഴയും ചുമത്താന്‍ കോടതികള്‍ക്ക് അധികാരം സിദ്ധിക്കുക.
എന്‍വയോണ്‍മെന്റ്, ഫുഡ് & റൂറല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടിയാല്‍ ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സ് കൂടി നഷ്ടമാകുമെന്ന് പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷ കാലയളവില്‍ ഈ കുറ്റം പതിവായി ആവര്‍ത്തിച്ച് 12 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്കാണ് അയോഗ്യത കല്‍പ്പിക്കുക.
ഒരൊറ്റ തവണ മാത്രം ഇത് ചെയ്ത് പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് ഒന്‍പത് പോയിന്റ് വരെ ലൈസന്‍സില്‍ അടിച്ചുകിട്ടും. മാലിന്യം അനധികൃതമായി ഉപേക്ഷിക്കുന്ന രീതിയ്‌ക്കെതിരെ പോരാടാന്‍ ലക്ഷ്യമിട്ടാണ് കടുപ്പമേറിയ നയം നടപ്പിലാക്കുന്നത്. സമൂഹത്തിന് ഇതൊരു തലവേദനയായി മാറിയതോടെയാണ് നടപടിയെന്ന് എന്‍വയോണ്‍മെന്റ് സെക്രട്ടറി എമ്മാ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു.