
















ലോക്കല്‍ ഇലക്ഷന്‍ അരങ്ങേറുന്ന ഇംഗ്ലണ്ടില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പകരംവീട്ടുമെന്ന ഭീതിയില്‍ ലേബര്‍ പാര്‍ട്ടിയില്‍ പരസ്പരം ചെളിവാരി എറിയല്‍ തുടങ്ങിക്കഴിഞ്ഞു. വോട്ടര്‍മാരോട് അന്തിമ അഭ്യര്‍ത്ഥന നടത്തിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ 'രോഷത്തിന്റെ രാഷ്ട്രീയം' പ്രകടിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.
ഇംഗ്ലണ്ടിന് പുറമെ സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലും നടക്കുന്ന ലോക്കല്‍ ഇലക്ഷനില്‍ ലേബര്‍ പൊളിഞ്ഞടുങ്ങുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ചാഞ്ചാടി നില്‍ക്കുന്ന വോട്ടര്‍മാരുടെ കാലുപിടിക്കുകയാണ് സ്റ്റാര്‍മര്‍. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ഫലം വിപരീതമായാല്‍ ഇദ്ദേഹത്തെ തെറിപ്പിച്ച് പുതിയ നേതാവിനെ കണ്ടെത്താനാണ് പാര്‍ട്ടിയിലെ ആലോചന.
എന്നാല്‍ സ്റ്റാര്‍മര്‍ പ്രചരണത്തില്‍ 'വിഷയമായി' മാറുന്നുവെന്ന് വെയില്‍സ് ലേബര്‍ മേധാവി മോര്‍ഗാന്‍ പരാതിപ്പെടുന്നു. പൊതുജനങ്ങള്‍ പ്രധാനമന്ത്രിയോട് പോരാടാന്‍ ആഗ്രഹിക്കുന്നതിനാല്‍ ആദ്യമായി വെയില്‍സിലെ സെനെഡിന്റെ നിയന്ത്രണം ലേബറിന് നഷ്ടമാകുമെന്ന ആശങ്കയിലാണ് ഇവര്‍. 
ഇതിനിടെ ലേബര്‍ ഉപനേതാവ് ലൂസി പവല്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ വെസ്റ്റ്മിന്‍സ്റ്ററിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് പ്രഖ്യാപിച്ചത് സ്റ്റാര്‍മര്‍ക്ക് കൂടുതല്‍ ക്ഷീണമായി. ബേണ്‍ഹാമിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് നീക്കം.
അതേസമയം റിഫോം യുകെ, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ ഇക്കുറി പ്രാദേശിക തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുമെന്നാണ് മുന്നറിയിപ്പ്. പലസ്തീന്റെ പേരില്‍ വോട്ട് ചോദിച്ച് കൊണ്ട് വര്‍ഗ്ഗീയമായ രീതിയിലേക്കാണ് ഗ്രീന്‍സിന്റെ സാക്ക് പൊളാന്‍സ്‌കി പ്രചരണം നടത്തുന്നത്. വോട്ടര്‍മാര്‍ക്കിടയില്‍ ഗാസാ അനുകൂല വോട്ട് ബാങ്ക് സൃഷ്ടിച്ച് വിജയിക്കാനുള്ള പൊളാന്‍സ്‌കിയുടെ തന്ത്രം ബ്രിട്ടനിലെ പൊതുജനങ്ങളുടെ സാധാരണ പ്രശ്‌നങ്ങള്‍ പോലും മറന്നുകൊണ്ടുള്ളതാണ്.